പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: കുടുംബ യോഗങ്ങൾ ഊർജിതമാക്കി യുഡിഎഫ്
Mail This Article
മുക്കം∙ വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബ യോഗങ്ങളും വീടുകൾ കയറിയുള്ള സ്ക്വാഡ് പ്രവർത്തനങ്ങളും ഊർജിതമാക്കി യുഡിഎഫ് നേതാക്കളും പ്രവർത്തകരും. 10 അംഗ വനിത സ്ക്വാഡുകൾ നിയോജക മണ്ഡലത്തിലെ വീടുകളിൽ പ്രിയങ്ക ഗാന്ധിയുടെ വോട്ടഭ്യർഥന വിതരണം ചെയ്യുന്നു.
കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടിയിലെ കുടുംബ സംഗമം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദിവ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ചതുക്കൊടി ആധ്യക്ഷ്യം വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ വയനാട്, കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, യൂനുസ് പുത്തലത്ത്, നിഷാദ് വീച്ചി, കെ.പി.റാഷിദ്, സി.മുജാഹിർ, സനിൽ അരീപ്പറ്റ എന്നിവർ പ്രസംഗിച്ചു.
∙ യുഡിഎഫ് കുടുംബ സംഗമങ്ങളിൽ പാട്ടു പാടിയും കഥ പറഞ്ഞും പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വേറിട്ട കാഴ്ചയാവുകയാണ് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി.ബാബു. കുടുംബ സംഗമങ്ങളിലെ സ്ത്രീ വോട്ടർമാർക്കും രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികൾക്കും പാട്ടും കഥകളും ആവേശമാവുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളും രൂക്ഷമായ വിലക്കയറ്റവുമെല്ലാം പാട്ടിലൂടെയും കഥകളിലൂടെയുമാണ് കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്ന് നിവാസി കൂടിയായ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി.ബാബു. കുടുംബ യോഗങ്ങളിൽ നിന്നും കുടുംബ യോഗങ്ങളിലേക്കുള്ള പ്രായണത്തിലാണിദേഹം.