കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ഹൈ ലവൽ പ്ലാറ്റ്ഫോം
Mail This Article
കടലുണ്ടി ∙ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ വികസന പ്രവൃത്തി പൂർത്തിയാകുന്നു. 500 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം വീതിയും ഉയരവും കൂട്ടിയാണ് യാത്രക്കാർക്ക് സൗകര്യങ്ങൾ വർധിപ്പിച്ചത്.ഇവിടെ സ്റ്റേഷൻ ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്. 10 കോടി രൂപയുടെ വികസന പദ്ധതിയിൽ സ്റ്റേഷൻ കെട്ടിടം നിലകൊള്ളുന്ന ഒന്നാം പ്ലാറ്റ്ഫോം നവീകരണം പുരോഗമിക്കുകയാണ്. പൂർണതോതിൽ പാർശ്വഭിത്തി കെട്ടിയ ശേഷം മണ്ണിട്ട് ഉയർത്തും. തുടർന്നാകും കോൺക്രീറ്റിങ് നടത്തുക.
കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം 5.5 മീറ്ററായിരുന്നു വീതി. ഇതു ഒന്നര മീറ്റർ കൂടി കൂട്ടി 7 മീറ്ററാക്കിയാണു വികസിപ്പിച്ചത്. റെയിൽപാളത്തിൽ നിന്നു നേരത്തേ 42 സെന്റീമീറ്റർ മാത്രം ഉയരമുണ്ടായിരുന്ന പ്ലാറ്റ്ഫോം 85 സെന്റീമീറ്റർ ഉയരമുള്ള ഹൈ ലവൽ പ്ലാറ്റ്ഫോമായി മാറി. സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഉയരം കുറവായതിനാൽ സ്ത്രീകൾക്കും വയോധികർക്കും ട്രെയിനിൽ കയറാനും ഇറങ്ങാനും പ്രയാസമായിരുന്നു.ഇക്കാര്യം സൂചിപ്പിച്ചു യാത്രക്കാർ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് റെയിൽവേ വികസന പദ്ധതി നടപ്പാക്കുന്നത്.ഘട്ടംഘട്ടമായി സൗകര്യങ്ങൾ വിപുലീകരിച്ച് സ്റ്റേഷന്റെ നിലവാരം ഉയർത്തുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്.