മാവൂരിൽ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി
Mail This Article
മാവൂർ ∙ കഴിഞ്ഞ ദിവസം മാവൂർ പൈപ്‌ലൈൻ റോഡിലെ പാലക്കോൾ താഴത്ത് പൊട്ടിയ പ്രധാന ശുദ്ധജലവിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. രാത്രി വൈകിയും പ്രവൃത്തി നടത്തുന്നുണ്ട്. ഇന്നു കോഴിക്കോട് നഗരത്തിലേക്കും മെഡിക്കൽ കോളജിലേക്കും ശുദ്ധജലം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള സ്റ്റേജ് ഒന്ന് 54 എംഎൽഡി ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള 900 എംഎം കാസ്റ്റ് അയേൺ പൈപ്പാണ് പൊട്ടിയത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊട്ടിയ പൈപ്പ് കണ്ടെത്തി മാറ്റി സ്ഥാപിക്കാനുള്ള പുതിയ പൈപ്പ് ഇന്നലെ തന്നെ എത്തിച്ചു പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.കൂളിമാട് പമ്പിങ് സ്റ്റേഷനിലെ സ്റ്റേജ് രണ്ടിലെ 18 എംഎൽഡി ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് അത്യാവശ്യത്തിനുള്ള വെള്ളം വെള്ളിപറമ്പ് ബൂസ്റ്റർ സ്റ്റേഷനിലെത്തിച്ചു മെഡിക്കൽ കോളജിൽ വിതരണം ചെയ്യുന്നുണ്ട്. മാവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ജല വിതരണം ഭാഗികമായി തടസ്സപ്പെടുമെന്നു ജല അതോറിറ്റി എൻജിനീയർ അറിയിച്ചു.