ADVERTISEMENT

കോഴിക്കോട് ∙ ദേശീയപാത വികസനത്തിനു തടസ്സമായ ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനു ദേശീയപാത അതോറിറ്റിയുടെയും ജല അതോറിറ്റിയുടെയും നേതൃത്വത്തിൽ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു. പ്രധാന പമ്പിങ് ലൈൻ ഓഫ് ചെയ്ത് ഒരു ദിനം പിന്നിട്ടു. ചില പഞ്ചായത്തുകളിൽ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. വെള്ളം എത്തിക്കാൻ കോർപറേഷനും ജല അതോറിറ്റിയും വിവിധ മേഖലകളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജില്ലാ സിരാകേന്ദ്രമായ കലക്ടറേറ്റിൽ ഇന്നലെ  ഉച്ചയോടെ വെള്ളം കിട്ടാതെ വലഞ്ഞു. 

ഇന്നലെ പുലർച്ചെ 12.30നു വേങ്ങേരി ഓവർപാസിനു സമീപം പഴയ ജപ്പാൻ പൈപ്പ് മാറ്റുന്നതിനു കുഴിയെടുത്തു. തുടർന്നു രാവിലെ പത്തോടെ പൈപ്പിൽ ബാക്കി വന്ന വെള്ളം വേങ്ങേരിയിൽ പൈപ്പ് മുറിച്ച് ഒഴിവാക്കി. തുടർന്നാണ് ഇരു ഭാഗവും മുറിച്ചു മാറ്റിയത്. ഈ ഭാഗത്താണു വേങ്ങേരി ഓവർപാസിനായി തൂൺ സ്ഥാപിക്കേണ്ടത്. അതിനാൽ പെരുവണ്ണാമൂഴിയിൽ നിന്നു നഗരത്തിലേക്കുള്ള പൈപ്പ് ലൈനിൽ വേങ്ങേരിയിലെ ബെൻഡ് പൈപ്പ് മാറ്റേണ്ടതുണ്ട്. ഈ പ്രവൃത്തിക്കു കൂടുതൽ സമയം വേണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ ഈ ഭാഗത്തെ പൈപ്പ് കൂട്ടി യോജിപ്പിക്കൽ പൂർത്തീകരിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. തൊട്ടടുത്തു 200 മീറ്റർ അകലെ രണ്ടാമത്തെ കൂട്ടി യോജിപ്പിക്കൽ നടത്തേണ്ട ഭാഗത്തും പ്രവൃത്തി തുടങ്ങി. ഈ ഭാഗത്തെ നിലവിലുള്ള വാൽവ് അടച്ചാണ് കുഴിയെടുത്തു പൈപ്പ് മുറിച്ചു മാറ്റിയത്.

കുടിവെള്ള വിതരണത്തിനു സംവിധാനം
∙ രാവിലെ 2 ടാങ്കർ ലോറി വെള്ളം കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലുമായി എത്തിക്കാൻ കലക്ടറേറ്റ് നടപടിയെടുത്തു.∙ 8 ടാങ്കർ ലോറികൾ സജ്ജീകരിച്ചതായി കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. മൂന്നാം നാൾ മുതൽ കുടിവെള്ളം ലഭ്യമാകാതെ ബുദ്ധിമുട്ടുള്ള മേഖലയിൽ വെള്ളം വിതരണം ചെയ്യും.∙ അഞ്ചാം നാൾ പൈപ്പ് കൂട്ടിയോജിപ്പിക്കുന്നതു പൂർത്തിയായാലും പുതിയ പൈപ്പിൽ കുടിവെള്ളം പമ്പിങ് തുടങ്ങാൻ ഒരു ദിവസം വൈകും. അതുവരെ വിതരണത്തിനായി 60 ലക്ഷം ലീറ്റർ വെള്ളം സംഭരിച്ചതായി ജല അതോറിറ്റി അറിയിച്ചു.

English Summary:

National Highway development in Kozhikode has led to temporary water supply disruptions as a major pipeline is being relocated. This effort, led by NHAI and KWA, has resulted in water shortages, particularly in elevated areas. While authorities are working to reconnect the pipeline and restore supply, water tankers have been deployed to provide relief.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com