വിലങ്ങാട്ടു വന്നാൽ കാണാം കണ്ണീരിന്റെ, വേദനയുടെ, രോഷത്തിന്റെ ഉരുൾ
Mail This Article
വിലങ്ങാട്∙ ‘‘സുരക്ഷിതമായി താമസിക്കാൻ വീടു വയ്ക്കാനുള്ള സ്ഥലം നിർണയിച്ചു നൽകുമെന്നു പറഞ്ഞിട്ട് അതിനു പോലും കഴിയാത്ത സർക്കാരാണ് ഉള്ളതെങ്കിൽ ഇനി ഈ സങ്കടങ്ങളൊക്കെ ഞങ്ങൾ ആരോടാണു പറയേണ്ടത്?’’ വിലങ്ങാട്ടെ ഓരോ മുഖങ്ങളും ചോദിക്കുന്നത് ഇതു മാത്രം. കണ്ണീരും വേദനയും മാത്രമല്ല, പുനരധിവാസത്തിനു മുൻകയ്യെടുക്കാത്ത സർക്കാർ നടപടിക്കെതിരെയുള്ള രോഷത്തിന്റെ ചൂടും അവരുടെ ഓരോ വാക്കിലുമുണ്ട്.ഉരുൾ പൊട്ടൽ നടന്ന് ആഴ്ചകൾ മാത്രം പിന്നിട്ടപ്പോൾ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനും അവർക്ക് വീടു വച്ചു നൽകാനും സ്ഥലം വിലയ്ക്ക് എടുക്കുന്ന കാര്യങ്ങൾ അടക്കം സജീവ ചർച്ചയായിരുന്നു. ദിവസങ്ങൾ പിന്നിട്ടതോടെ അത്തരം ചർച്ചകളെല്ലാം നിലച്ച് വിലങ്ങാട് നിരാശകളിലേക്കു മടങ്ങുകയാണ്.ഉരുൾ പൊട്ടലുണ്ടായതോടെ നീരുറവകളും കിണറുകളും അടക്കം ശുദ്ധജലസ്രോതസ്സുകൾ ഇല്ലാതായി. ഉരുളൻ കല്ലുകളും മണ്ണും ചെളിയുമൊക്കെ വന്നടിഞ്ഞതോടെ പലതും പൂർണമായി മൂടിപ്പോയി. ഇപ്പോൾ ഇടയ്ക്കു പെയ്യുന്ന മഴ വെള്ളം സംഭരിച്ചാണ് അത്യാവശ്യങ്ങൾ നിർവഹിക്കുന്നത്.
കർഷകരുടെ കണ്ണീർ വീണ് കൃഷിയിടങ്ങൾ
വിലങ്ങാട് ∙ മലമ്പ്രദേശത്ത് 250 ഏക്കറിലെ കൃഷിനാശമാണ് ഉരുൾ പൊട്ടലിലുണ്ടായതെന്നാണ് കണക്ക്. മറ്റുള്ളവർക്ക് സഹായ പദ്ധതികൾ പലതും പ്രഖ്യാപിക്കുകയും സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമാവുകയുമൊക്കെ ചെയ്യുന്നതിനിടയിൽ ഒരു ചില്ലിക്കാശും സഹായമായി കിട്ടാത്തവരാണ് കർഷകർ. കൃഷി മാത്രമല്ല, കൃഷിയിടവും നശിച്ചു.ഒലിച്ചെത്തിയ ഉരുളൻ കല്ലുകളും മണ്ണും ചെളിയുമൊക്കെ ഇപ്പോഴും കൃഷിയിടങ്ങളിൽ കിടക്കുന്നു. ഇവ നീക്കം ചെയ്യാൻ, കൃഷി പുനരാരംഭിക്കാൻ ഒരു പദ്ധതിയും ആരും തയാറാക്കിയിട്ടില്ല. കാലങ്ങളേറെ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ നാണ്യ വിളകൾ പലതും മണ്ണോടു ചേർന്നുകിടക്കുന്നു. റബറും തെങ്ങും കമുകുമൊക്കെ വച്ചു പിടിപ്പിച്ച കർഷകർക്ക് ഒടുവിൽ ഉരുൾ നൽകിയത് തോരാത്ത കണ്ണീർ മാത്രം
വ്യാപാരികളെ കണ്ടു പഠിക്കൂ സർക്കാരേ...
വിലങ്ങാട്∙ കാൻസർ രോഗിയായ പാലക്കൽ മനോജ് മലബാർ കാൻസർ സെന്ററിൽ ശസ്ത്രക്രിയ ചെയ്തുകിടക്കുന്നതിനിടയിലാണ് തന്റെ ആകെയുള്ള വരുമാന മാർഗമായ കട ഉരുൾ എടുത്ത കാര്യം അറിയുന്നത്. രോഗത്തിന്റെ കാഠിന്യത്തിനൊപ്പം ആകെയുള്ള ഉപജീവന മാർഗം കൂടി ഇല്ലാതായത് മനോജിന് തീരാനോവായി.എന്നാൽ പ്രതിസന്ധിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മനോജിനെ ചേർത്തുപിടിച്ചു. സമിതിയുടെ സഹായം എത്തിയപ്പോൾ മനോജൻ ഭാര്യ സവിതയ്ക്കൊപ്പം വിലങ്ങാട്ട് അങ്ങാടിയിൽ കഴിഞ്ഞ ദിവസം വീണ്ടും വ്യാപാരം തുടങ്ങി. 33 കടകൾ നശിച്ച വിലങ്ങാട് അങ്ങാടിയിൽ 38 വ്യാപാരികൾക്ക് 30 ലക്ഷം രൂപ സഹായവുമായി വ്യാപാരികൾ സഹപ്രവർത്തകർക്കു വേണ്ടി കൈകോർത്തു. ഇത്തരം ചെറിയ സഹായങ്ങൾക്കൊണ്ടാണു പലർക്കും പിടിച്ചുനിൽക്കാനായത്.