വെള്ളം മുടങ്ങി 13 പഞ്ചായത്തുകൾ 2 മുനിസിപ്പാലിറ്റികൾ, കോർപറേഷൻ
Mail This Article
കോഴിക്കോട്∙ വേങ്ങേരി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റുന്ന സാഹചര്യത്തിൽ ജില്ലയിലെ 13 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റിയിലും കോർപറേഷനിലും ജല വിതരണം ഉച്ചയോടെ നിലച്ചു. കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും വെള്ളം നിലച്ചതോടെ രണ്ടായിരത്തിലേറെ വരുന്ന ജീവനക്കാർ ഉച്ച ഭക്ഷണം കഴിച്ചു കൈ കഴുകാനും പാത്രം കഴുകാനും കഴിയാതെ കുഴങ്ങി. ശുചിമുറികളിൽ വെള്ളം നിലച്ചതോടെ ആകെ ദുരിതമായി. ജീവനക്കാർ കുപ്പിവെള്ളം വാങ്ങിയും ചില ഓഫിസുകൾ 20 ലീറ്ററിന്റെ കുടിവെള്ള കാൻ വാങ്ങിയുമാണു ആവശ്യങ്ങൾ നിറവേറ്റിയത്.കലക്ടറേറ്റിൽ നിന്നു ടാങ്കർ ലോറി അയച്ചാൽ കുടിവെള്ളം നൽകാമെന്നു ജല അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ കലക്ടറേറ്റിൽ നിന്നു ലോറി അയച്ചില്ല. താൽക്കാലിക സംവിധാനം എന്ന നിലയിൽ കലക്ടറേറ്റിലേക്കു ഭാഗികമായി നാളെ ജല വിതരണം നടത്തുമെന്നാണു ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.