ജപ്പാൻ പദ്ധതി പൈപ്പ് മാറ്റി സ്ഥാപിക്കൽ: കോഴിക്കോട് ജലക്ഷാമം രൂക്ഷം; ഹോട്ടലുകളും വീടുകളും പ്രതിസന്ധിയിൽ
Mail This Article
കോഴിക്കോട് ∙ദേശീയപാത വികസനത്തിന്റെ ഭാഗമായി വേങ്ങേരിയിൽ ജപ്പാൻ കുടിവെള്ള വിതരണത്തിന്റെ പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി പമ്പിങ് നിർത്തിയിട്ടു 2 ദിവസം; നഗരം ജലക്ഷാമത്തിലേക്ക്. ജല അതോറിറ്റിയുടെ ശുദ്ധജലത്തെ മാത്രം ആശ്രയിക്കുന്നവർ ആശങ്കയിലാണ്. നിലവിൽ വലിയ പ്രശ്നങ്ങളില്ലെങ്കിലും പൈപ്പ് മാറ്റൽ പ്രവൃത്തി നീണ്ടാൽ ജലക്ഷാമം രൂക്ഷമായേക്കും.
പൈപ്പ് മാറ്റിയിടീൽ നടക്കുന്നതിനാൽ ആവശ്യമായ ശുദ്ധജലം സംഭരിച്ചു വയ്ക്കണമെന്ന ജല അതോറിറ്റിയുടെ അറിയിപ്പ് ആഴ്ചകൾക്കു മുൻപ് വരികയും തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളെ ജല അതോറിറ്റി രേഖാമൂലം അറിയിക്കുകയും ചെയ്തതിനാൽ മിക്കവരും സംഭരണികളിലും കിട്ടാവുന്ന പാത്രങ്ങളിലുമെല്ലാം ജലം സംഭരിച്ചു വച്ചിട്ടുണ്ട്. എന്നാൽ, 5 ദിവസത്തേക്ക് ആവശ്യമായ വെള്ളം പിടിച്ചു വയ്ക്കാനുള്ള സൗകര്യങ്ങളില്ലാത്തവർ ആശങ്കയിലാണ്. വെള്ളിയാഴ്ച പ്രവൃത്തി പൂർത്തീകരിച്ച് ശനിയാഴ്ച പമ്പിങ് പുനരാരംഭിക്കുമെന്നാണ് ജല അതോറിറ്റി അധികൃതർ അറിയിച്ചത്.
ചൊവ്വാഴ്ച വെള്ളം മുടങ്ങിയ സിവിൽ സ്റ്റേഷനിൽ ഇന്നലെ ആവശ്യമായ വെള്ളം ജല അതോറിറ്റി അധികൃതർ എത്തിച്ചതിനാൽ പ്രശ്നങ്ങളുണ്ടായില്ല. നഗരത്തിലെ മറ്റു പ്രധാന സർക്കാർ ഓഫിസുകളിലും പ്രധാന ആശുപത്രികളിലുമെല്ലാം ഇന്നലെ വെള്ളം ടാങ്കറുകളിൽ എത്തിച്ചു. കോർപറേഷന്റെ കൈവശമുള്ള 4 ടാങ്കർ ലോറികൾക്കു പുറമേ 4 ടാങ്കർ ലോറികൾ വാടകയ്ക്ക് എടുത്തും ഇന്നലെ ആവശ്യമായ വാർഡുകളിൽ ശുദ്ധജല വിതരണം നടത്തിയതായി കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ പറഞ്ഞു. ഇന്നലെ രാവിലെ 7 മുതൽ രാത്രി 7 വരെ വിവിധ വാർഡുകളിൽ കോർപറേഷൻ വെള്ളം വിതരണം ചെയ്തു. ചേവായൂർ, വെസ്റ്റ്ഹിൽ, ചെറുവണ്ണൂർ, പുതിയറ എസ്കെ ഹാൾ പരിസരം, കലക്ടറേറ്റ് എന്നിവിടങ്ങളിലെല്ലാം ടാങ്കർ ലോറികളിൽ വെള്ളം നൽകി.
കോർപറേഷൻ പരിധിയിലും ഫറോക്ക് നഗരസഭ, കുരുവട്ടൂർ, കക്കോടി, ചേളന്നൂർ, നന്മണ്ട, ബാലുശ്ശേരി, കുന്നമംഗലം, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി തുടങ്ങി 13 പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ വെള്ളത്തിന് ഏറെ വിഷമിക്കുന്ന സ്ഥലങ്ങളിൽ ജല അതോറിറ്റിയും കോർപറേഷനും മറ്റു തദ്ദേശ സ്ഥാപനങ്ങളും വെള്ളം എത്തിച്ചു. കോർപറേഷൻ പരിധിക്ക് പുറത്ത് പഞ്ചായത്തുകളിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും കിണറുകളും പ്രാദേശിക ശുദ്ധജല പദ്ധതികളും ഉള്ളതിനാൽ ഇവിടങ്ങളിൽ കുടിവെള്ള പ്രശ്നം വലിയ തോതിൽ ബാധിച്ചിട്ടില്ല. പൈപ്പ് മാറ്റൽ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിലാണു നടക്കുന്നത്. വേങ്ങേരി ജംക്‌ഷൻ, വേദവ്യാസ സ്കൂളിനു സമീപം, ഫ്ലോറിക്കൻ റോഡ് എന്നിവിടങ്ങളിലാണ് ഒരേ സമയം പ്രവൃത്തി നടക്കുന്നത്. വേങ്ങേരി ജംക്‌ഷനിൽ ഇന്നലെ വൈകിട്ടോടെ വെൽഡിങ് പൂർത്തിയായി. മറ്റ് രണ്ടിടങ്ങളിലും അതിവേഗം പ്രവൃത്തി പുരോഗമിക്കുന്നു.