‘കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിദേശ വനിതയ്ക്കു കടിയേറ്റത് ഒറ്റപ്പെട്ട സംഭവം’
Mail This Article
കോഴിക്കോട് ∙ റെയിൽവേ സ്റ്റേഷനിൽ വിദേശ വനിതയെ നായ കടിച്ചതു നഗരത്തിനു നാണക്കേടായെങ്കിലും, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ അനിമൽ ബെർത്ത് കൺട്രോൾ (എബിസി) പദ്ധതി നടപ്പാക്കുന്നതു കോഴിക്കോട് കോർപറേഷനിലാണെന്ന് അധികൃതർ പറയുന്നു. 2019 ൽ പദ്ധതി ആരംഭിച്ച ശേഷം ഇന്നലെ വരെ കോർപറേഷൻ പരിധിയിലെ 12984 തെരുവുനായ്ക്കളെയാണു വന്ധ്യംകരണം ചെയ്തത്. റെയിൽവേ സ്റ്റേഷനിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളിൽ 99 ശതമാനത്തിനെയും വന്ധ്യംകരണത്തിനും വാക്സിനേഷനും വിധേയമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിലേക്കാണ് അധികൃതർ വിരൽ ചൂണ്ടുന്നത്. നായ്ക്കൾക്കു വേണ്ട ഭക്ഷണം പ്ലാറ്റ്്ഫോമിൽ തന്നെ ലഭ്യമാകുമ്പോൾ അവ പ്രദേശം വിട്ടു പോകില്ല. വന്ധ്യംകരണം ചെയ്ത ശേഷം നായ്ക്കളെ പിടിച്ച സ്ഥലത്തു തന്നെ തുറന്നുവിടണമെന്ന ചട്ടം കൂടി പാലിക്കേണ്ടി വരുമ്പോൾ നായശല്യം ഒഴിവാക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അധികൃതർ പറയുന്നു.
കോർപറേഷനിലെ 75 വാർഡുകളിൽ വന്ധ്യംകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. മൂന്നു സർജന്മാരും ഒരു അനസ്തറ്റിസ്റ്റും 13 കരാർ ജീവനക്കാരുമാണ് പദ്ധതിക്കു നേതൃത്വം കൊടുക്കുന്നത്. പൂളക്കടവിൽ പ്രവർത്തിക്കുന്ന ‘എബിസി’ കേന്ദ്രത്തിൽ ദിവസം 15–20 നായ്ക്കളെ വന്ധ്യംകരണത്തിനു വിധേയമാക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾക്കായി കേന്ദ്രം അടച്ചിട്ടിരുന്ന ഒന്നര മാസമൊഴികെ പദ്ധതിക്ക് ഒരു മുടക്കവും വന്നിട്ടില്ലെന്നും അധികൃതർ അവകാശപ്പെടുന്നു.കോർപറേഷൻ പരിധിയിൽ 13182 തെരുവുനായ്ക്കളുണ്ടെന്നാണ് 2018 ൽ നടത്തിയ സർവേയിലെ കണ്ടെത്തൽ.
നായശല്യം രൂക്ഷമായതിനെ തുടർന്നാണ് 2019 ൽ എബിസി പദ്ധതി ആരംഭിച്ചത്. നിലവിൽ 25,000 നായ്ക്കളെങ്കിലും കോർപറേഷൻ പരിധിയിൽ ഉണ്ടാകുമെന്ന അനുമാനത്തിലാണു പദ്ധതി മുന്നോട്ടു പോവുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരണം ചെയ്യാൻ സാധിക്കുമെന്നു പദ്ധതിയുടെ ചുമതലയുള്ള ഡോ.ശ്രീഷ്മ പറഞ്ഞു.റെയിൽവേ സ്റ്റേഷനിൽ വിദേശ വനിതയ്ക്കു കടിയേറ്റത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് അധികൃതർ പറയുന്നത്. ട്രെയിനിൽ കയറാനുള്ള തിരക്കിനിടയിൽ അറിയാതെ ചവിട്ടിയപ്പോൾ നായ പ്രതികരിച്ചതാണ്. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിദേശ വനിത ട്രെയിനിൽ യാത്ര തുടരുകയും ചെയ്തു.