ഫറോക്കിലും നിർത്തി പോ ട്രെയിനേ; സ്റ്റേഷൻ നവീകരിക്കുന്നത് 7.58 കോടി രൂപ ചെലവിൽ
Mail This Article
ഫറോക്ക് ∙യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുതിപ്പ് നടത്തിയിട്ടും നിർത്തുന്ന ട്രെയിനുകളുടെ എണ്ണത്തിൽ പുരോഗതിയില്ലാതെ ഫറോക്ക് റെയിൽവേ സ്റ്റേഷൻ. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ 7.587 കോടി രൂപ ചെലവിട്ടു നവീകരിക്കുന്ന സ്റ്റേഷനിൽ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ് വേണമെന്ന ആവശ്യം ശക്തമായി.പ്രധാനപ്പെട്ട ചില ട്രെയിനുകൾക്ക് ഫറോക്കിൽ സ്റ്റോപ് വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. അതു ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിൽ ചിലതാണ് കോയമ്പത്തൂർ–മംഗളൂരു, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ–യശ്വന്ത്പുര എക്സ്പ്രസ്, നിസാമുദ്ദീൻ–എറണാകുളം മംഗള, തിരുവനന്തപുരം–മംഗളൂരു മാവേലി ട്രെയിനുകൾ.
കോവിഡിനു മുൻപ് വരെ നിസാമുദ്ദീൻ–എറണാകുളം മംഗള, എറണാകുളം ഓഖ, തിരുവനന്തപുരം–വെരാവൽ എക്സ്പ്രസുകൾക്കു ഫറോക്കിൽ സ്റ്റോപ്പുണ്ടായിരുന്നു. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ് പിന്നീട് പുനഃസ്ഥാപിച്ചില്ല. ട്രെയിനുകളുടെ യാത്രാ വേഗം വർധിപ്പിച്ചതിനാൽ പുതിയ സ്റ്റോപ് അനുവദിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഉച്ചയ്ക്ക് 1.53ന് മംഗളൂരു–കോയമ്പത്തൂർ പാസഞ്ചർ കടന്നു പോയാൽ പിന്നെ മൂന്നര മണിക്കൂർ നേരം ഷൊർണൂർ ഭാഗത്തേക്ക് ട്രെയിനില്ല. വൈകിട്ട് 5.30നുള്ള കണ്ണൂർ–ഷൊർണൂർ സ്പെഷൽ പാസഞ്ചറാണ് ആകെ ആശ്വാസം. ഇതു പലപ്പോഴും വൈകിയാണ് എത്തുന്നത്.
രാത്രി 10.45നുള്ള മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസിനു ശേഷം പിന്നെ രാവിലെ 5.35ന് മാത്രമേ ഷൊർണൂർ ഭാഗത്തേക്ക് യാത്ര സാധ്യമാകൂ. കോഴിക്കോട് ഭാഗത്തേക്കും ഫറോക്കിൽ നിന്നു രാത്രി യാത്രയ്ക്ക് മാർഗമില്ല. രാത്രി 10.23നുള്ള ഷൊർണൂർ–കോഴിക്കോട് പാസഞ്ചറിന് ശേഷം പിന്നെ പുലർച്ചെ 4.15നുള്ള മലബാർ എക്സ്പ്രസ് വരണം. ചൊവ്വാഴ്ച മാത്രം രാത്രി 11.55ന് ഗാന്ധിധാം വീക്ക്‌ലി എക്സ്പ്രസുണ്ട്.എറണാകുളത്ത് നിന്നു ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ്പ്രസിനു സ്റ്റോപ്പുണ്ടെങ്കിലും തിരിച്ചു വരുമ്പോൾ ഈ ട്രെയിൻ ഇവിടെ നിർത്തില്ല. മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിനും തിരിച്ചുവരുമ്പോൾ സ്റ്റോപ്പില്ല. ഇതു യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ്.
എല്ലാ ഞായറാഴ്ചയും മംഗളൂരുവിൽ നിന്നു പുതുച്ചേരിയിലേക്കു പോകുന്ന പുതുച്ചേരി എക്സ്പ്രസിനും ചൊവ്വ, വെള്ളി ദിവസങ്ങളിലെ എറണാകുളം–പുണെ എക്സ്പ്രസിനും ഫറോക്കിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവും സജീവമാണ്.ട്രെയിനുകൾക്കു സ്റ്റോപ്പുകൾ അനുവദിക്കുന്നതിനൊപ്പം രണ്ടാം പ്ലാറ്റ്ഫോമിൽ കൂടുതൽ ഇരിപ്പിടങ്ങൾ, സ്റ്റേഷനിൽ പൊതുമേഖല ബാങ്ക് എടിഎം കൗണ്ടർ, സ്ഥിരമായി ആർപിഎഫ് സേവനം, ഓട്ടോകൾക്ക് പ്രീ പെയ്ഡ് കൗണ്ടർ എന്നിവയും യാത്രക്കാർ ഉന്നയിക്കുന്നുണ്ട്.
യാത്രക്കാരും വരുമാനവും കൂടി
ഫറോക്ക് റെയിൽവേ സ്റ്റേഷൻ വഴി യാത്ര നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തോളം വർധിച്ചെന്നാണ് പ്രാഥമിക കണക്ക്. ഇതിനനുസരിച്ചു വരുമാനം കൂടിയതോടെ സ്റ്റേഷനെ എൻഎസ്ജി 4 കാറ്റഗറിയിലേക്കു മാറ്റാൻ റെയിൽവേ ശുപാർശ ചെയ്തു.കഴിഞ്ഞ സാമ്പത്തിക വർഷം 11.18 ലക്ഷം പേരാണ് ഫറോക്ക് സ്റ്റേഷനിൽ യാത്രയ്ക്ക് എത്തിയത്. വരുമാനത്തിലും വലിയ കുതിപ്പുണ്ടായി. 10.76 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ ആദായം. നിലവിൽ എൻഎസ്ജി 5 കാറ്റഗറിയിലാണ് സ്റ്റേഷൻ.
വരുമാനം കൂടിയതോടെയാണ് ഉയർന്ന കാറ്റഗറിയിലേക്കു മാറ്റാൻ അധികൃതർ നിർദേശിച്ചത്. ഇതിനു അനുസരിച്ചുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് സർവകലാശാല, ബേപ്പൂർ തുറമുഖം, കിൻഫ്ര നോളജ് പാർക്ക്, ഫാറൂഖ് കോളജ് എന്നിവയ്ക്കു സമീപത്തെ സ്റ്റേഷൻ എന്ന പരിഗണനയിലാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഫറോക്കിനെ എയർപോർട്ട് സ്റ്റേഷനാക്കി പദവി ഉയർത്തണമെന്ന ആവശ്യവും അധികൃതർക്കു മുൻപിലുണ്ട്.