പൂളക്കടവ് റഗുലേറ്റർ കം ബ്രിജ് പാലമായി; ഇനി പാത വേണം
Mail This Article
കോഴിക്കോട് ∙പൂളക്കടവ് റഗുലേറ്റർ കം ബ്രിജിന്റെ ‘പാലം’ പണി പൂർത്തിയായി. ഇനി അപ്രോച്ച് റോഡ് നിർമിക്കണമെങ്കിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാകണം. ഇതിനായി 2 ഭാഗങ്ങളിലായി 9 പേരിൽ നിന്നായി 45.45 ആർ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതിന്റെ ഭാഗമായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് തഹസിൽദാർ (കിഫ്ബി) കലക്ടർക്ക് നൽകിയിട്ടുണ്ട്.വിജ്ഞാപനം പുറപ്പെടുവിച്ചാൽ ബന്ധപ്പെട്ടവർക്ക് അതിൻമേൽ ആക്ഷേപം ഉന്നയിക്കാൻ 2 മാസം നൽകണം. തുടർന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രേഖകളുടെ പരിശോധന, സ്ഥലത്തിന്റെയും മരങ്ങളുടെയും വില നിർണയം തുടങ്ങിയ നടപടികൾ പൂർത്തിയാക്കണം. ഇതെല്ലാം യുദ്ധകാലടിസ്ഥാനത്തിൽ നടന്നാൽ 6 മാസം കൊണ്ടു സ്ഥലം ഏറ്റെടുക്കാനാകും. അല്ലെങ്കിൽ വീണ്ടും കാത്തിരിക്കേണ്ടി വരും.
പൂനൂർ പുഴയ്ക്കു കുറുകെയാണ് പൂളക്കടവിൽ റഗുലേറ്റർ കം ബ്രിജ് നിർമിച്ചത്. പുഴയുടെ പാർശ്വഭിത്തിയുടെ നിർമാണമാണവും പൂർത്തിയാകാനുണ്ട്. പ്രവൃത്തിയുടെ ഭാഗമായി ഇവിടെ മണൽ ചാക്കുകൾ നിറച്ചു വച്ചിട്ടുണ്ട്. കുരുവട്ടൂർ പഞ്ചായത്ത് ഭാഗത്ത് 140 മീറ്റർ, കോർപറേഷൻ ഭാഗത്ത് 102 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് ഇരു വശങ്ങളിലും അപ്രോച്ച് റോഡ് നിർമിക്കുക. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്.
നിർമാണം ഉടൻ പൂർത്തിയാക്കണം
∙ ജനങ്ങളുടെ ഏറെ കാലത്തെ കാത്തിരിപ്പിനു ഒടുവിൽ 2021 ഓഗസ്റ്റ് 20ന് ആയിരുന്നു റഗുലേറ്റർ കം ബ്രിജിന്റെ ശിലാസ്ഥാപനം. 18 മാസം കൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു ഉദ്ഘാടന സമയത്തെ പ്രഖ്യാപനം. 2 തവണ കാലാവധി നീട്ടി നൽകി. എന്നിട്ടും പൂർത്തിയായില്ല. ഇനിയും കാലാവധി നീട്ടി നൽകാതെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പറമ്പിൽ പൂളക്കടവ് ജനകീയ സമിതി ചെയർമാൻ കെ.പുഷ്പാംഗദൻ ആവശ്യപ്പെട്ടു.