കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ തെരുവുനായ് ശല്യം: വടിയെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
കോഴിക്കോട് ∙റെയിൽവേ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമുകളും തെരുവുനായ്ക്കൾ കയ്യടക്കിയതായി പരാതി ഉയർന്ന സാഹചര്യത്തിൽ സ്റ്റേഷൻ മാനേജർ, ആർപിഎഫ് സൂപ്രണ്ട്, കോർപറേഷൻ സെക്രട്ടറി എന്നിവർ കമ്മിഷൻ സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്നു മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.15ന് 11ന് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി. തെരുവുനായ് ശല്യം അവസാനിപ്പിക്കാൻ ഫലപ്രദമായ യാതൊരു നടപടിയും റെയിൽവേയോ നഗരസഭയോ സ്വീകരിച്ചില്ല. പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടിയെടുക്കുന്നതിനു പകരം നഗരസഭയും റെയിൽവേയും പരസ്പരം കുറ്റപ്പെടുത്തുകയാണ്. പ്ലാറ്റ്ഫോമിലും സ്റ്റേഷൻ പരിസരത്തും പൊതുജനങ്ങൾക്കു ഭീഷണിയായ തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കമ്മിഷൻ തീരുമാനിച്ചത്. വിദേശവനിതയ്ക്കു റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നു കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റിരുന്നു.