ADVERTISEMENT

കോഴിക്കോട്∙കടലോര മേഖലയെ മാറ്റിമറിക്കാനുള്ള വിവിധ വികസന പദ്ധതികൾക്ക് തുടക്കമിട്ട മന്ത്രിയെന്ന നിലയിലാണ് എം.ടി.പത്മയെ സമൂഹം ഓർമിക്കുന്നത്. കോഴിക്കോടിന്റെ തീരദേശ മേഖലയായ വെള്ളയിൽ പ്രദേശത്ത് വളർന്ന പത്മയ്ക്ക് കടലോരത്തിന്റെ കണ്ണീർ നേരിട്ടറിയാമായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും കടലോര പ്രദേശങ്ങളുടെയും പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഫിഷറീസ് നയത്തിനു രൂപം നൽകിയതു പത്മയാണ്. മത്സ്യത്തോഴിലാളികൾക്ക് വീട് നിർമിക്കുന്നതിന് ഗ്രാന്റ് നൽകാൻ പത്മ തീരുമാനമമെടുത്തു. നാഷണൽ വെൽഫെയർ ഫണ്ടിന്റെ സഹായത്താടെ 35,000 രൂപ വീതം വീടുണ്ടാക്കാൻ നൽകി. അക്കാലത്ത് പത്താം ധനകാര്യ കമ്മിഷൻ നൽകിയ 50 കോടി രൂപയിൽ 30 കോടി രൂപയും ഇതിനായി നീക്കിവച്ചു. പഞ്ഞമാസങ്ങളിൽ പട്ടിണിയാകുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ നടപ്പാക്കിയ മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി  കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കു മറക്കാനാവില്ല. പഞ്ഞ മാസങ്ങളിൽ  ഓരോ തൊഴിലാളിക്കും 270 രൂപ വീതം നൽകുന്നതായിരുന്നു പദ്ധതി. അപകട മരണങ്ങൾക്ക് സഹായധനമായി 15,000 രൂപ നൽകിയിരുന്നത് പത്മ മന്ത്രിയായപ്പോൾ 25,000 രൂപയായി ഉയർത്തി. വെൽഫെയർ ഫണ്ടിൽ അംഗമായ മത്സ്യത്തൊഴിലാളികൾക്കാണ് ആനുകൂല്യം നൽകിത്തുടങ്ങിയത്. വർഷത്തിൽ 50 രൂപ വീതം തൊഴിലാളികൾ അടയ്‌ക്കുന്ന മറ്റൊരു പദ്ധതിയും നടപ്പാക്കി. ഈ പദ്ധതിയിൽ അംഗമായ ഒരാൾ അപമൃത്യുവിന് ഇരയായാൽ ഒരു ലക്ഷം രൂപ ലഭിക്കുമായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി പത്മ നടപ്പാക്കിയ പരിഷ്‌കാരങ്ങളും ഒട്ടേറെയാണ്. കടലോര മേഖലയിൽ ഒട്ടേറെ വിദ്യാഭ്യാസ സ്‌ഥാനങ്ങൾ പത്മ സ്‌ഥാപിച്ചു. ചേർത്തലയിലും കൊയിലാണ്ടിയിലും സ്‌ഥാപിച്ച ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ ഇവയിൽ പ്രധാനം. എറണാകുളത്ത് നെറ്റ് ഫാക്‌ടറിയിൽ വിദേശസഹായത്തോടെ 15 പുതിയ മെഷീനുകൾ കൊണ്ടുവന്നത് അക്കാലത്ത് ശ്രദ്ധേയമായിരുന്നു. കൊയിലാണ്ടിയിൽ പുതിയ നെറ്റ് ഫാക്‌ടറിക്ക് അനുമതി നല്‌കി. ധർമടത്തും കൊയിലാണ്ടിയിലും തൃശൂരിലും ചേറ്റുവയിലും ഫിഷ് ലാൻഡിങ് സെന്ററുകൾ സ്‌ഥാപിച്ചത് പത്മയാണ്. ചോമ്പാലിലും കായംകുളത്തുമൊക്കെ ഹാർബറുകൾ പൂർത്തിയാക്കിയതും അക്കാലത്താണ്. വിഴിഞ്ഞം, പൊന്നാനി, കാസർകോട് പദ്ധതികൾക്ക് പ്രോജക്‌ടുകളും തയ്യാറാക്കി. പുതിയങ്ങാടിയിലും നീണ്ടകരയിലും ഹാർബറുകൾ കമ്മിഷൻ ചെയ്‌തതും പത്മ മന്ത്രിയായിരിക്കെയാണ്.

കൊയിലാണ്ടി മണ്ഡലത്തിൽ നടപ്പാക്കിയത് ഒട്ടേറെ വികസന പദ്ധതികൾ 
1987-91 കാലഘട്ടത്തിൽ എംഎൽഎയായും തുടർന്നു 96 വരെ മന്ത്രിയായും കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച എം.ടി. പത്മ പുതുമയാർന്ന ഒട്ടേറെ വികസന പദ്ധതികൾ യാഥാർഥ്യമാക്കി.  തിക്കോടി ആവിക്കൽ പാലം യാഥാർഥ്യമാക്കിയത്, സംസ്കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രം നടുവത്തൂരിൽ സ്ഥാപിച്ചത്, നടുവത്തൂരിലെ ഓറോക്കുന്ന് മലയിൽ എആർ ക്യാംപിന് സ്ഥലം അനുവദിച്ച് പ്രവർത്തനമാരംഭിച്ചത്, നെല്യാടിക്കടവ് പാലത്തിന് ഭരണാനുമതി ലഭിച്ചത് തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ അവർ മന്ത്രിയായിരുന്ന കാലയളവിൽ സാധിച്ചു. രാജീവ് ദശലക്ഷം ഭവന പദ്ധതി പ്രകാരം നടുവത്തൂരിലെ ഒറോക്കുന്നിലുൾപ്പെടെ ഒട്ടേറെ ഭവനരഹിതർക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാനും എം.ടി.പത്മയ്ക്ക് സാധിച്ചു. ഇവർ മന്ത്രിയായിരുന്നപ്പോഴാണു കൊയിലാണ്ടി പഞ്ചായത്ത് നഗരസഭയായി മാറിയത്. കീഴരിയൂർ, തുറയൂർ, മൂടാടി , തിക്കോടി, പയ്യോളി, കൊയിലാണ്ടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെട്ടിരുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ വികസനക്കുതിപ്പിന് നേതൃത്വം നൽകാനും എം.ടി.പത്മയ്ക്കു കഴിഞ്ഞു.

English Summary:

M.T. Padma, a former Fisheries Minister of Kerala, is remembered for her transformative work in coastal development and fishermen's welfare. This article highlights her impactful initiatives, including housing schemes, financial aid for fishermen, educational reforms, and infrastructure development in the coastal region, particularly in the Koyilandy constituency.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com