കൃഷിക്കുള്ള ഒരുക്കത്തിൽ ചാക്കര; പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കി
Mail This Article
മൂടാടി∙ പുല്ലും പാഴ്ചെടികളും വളർന്ന് നാശത്തിന്റെ വക്കിലായിരുന്ന ചാക്കര പാടശേഖരം കൃഷിയിറക്കാനുള്ള ഒരുക്കങ്ങളിലേക്ക്. വെള്ളക്കെട്ട് ഒഴിവാക്കാൻ വഴികളില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. ജില്ലാ പഞ്ചായത്ത് നിർമിച്ച പാച്ചാക്കൽ തോടിന്റെ പണി പൂർത്തീകരിച്ചു. ഇതിനോട് ചേർന്ന് പഞ്ചായത്ത് മൺതോടും നിർമിച്ചു. പഞ്ചായത്ത് മുൻകയ്യെടുത്ത് കർഷകരുടെ യോഗം വിളിച്ചു ആവശ്യമായ നിർദേശങ്ങൾ സ്വീകരിച്ചു. വിത്ത്, വളം എന്നിവ കൃഷിഭവൻ മുഖേന നൽകും.
തൊഴിലുറപ്പ് പദ്ധതിയെ പരമാവധി ഉപയോഗിക്കാനും തീരുമാനിച്ചു. ഉൽപാദിപ്പിക്കുന്ന നെല്ല് കാർഷിക കർമസേനയുടെ മിനി റൈസ് മില്ലിൽ സംസ്കരിച്ച് മൂടാടി അരി എന്ന പേരിൽ വിപണനം നടത്തും. കൃഷി ചെയ്യാൻ താൽപര്യമില്ലാത്തവരുടെ ഭൂമി പഞ്ചായത്തിലെ മറ്റ് കർഷകർക്കും ഗ്രൂപ്പുകൾക്കും നൽകാൻ തീരുമാനിച്ചു. കർഷകർക്ക് വിള ഇൻഷുറൻസ്, കൂലി, ചെലവ്, സബ്സിഡി എന്നിവ ലഭ്യമാക്കും. 24 ഹെക്ടർ തരിശു സ്ഥലം ഇത്തവണ തരിശു രഹിതമാക്കാൻ ആവശ്യമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ പറഞ്ഞു.