രാമനാട്ടുകര ബസ് സ്റ്റാൻഡ് റൺവേ തകർന്നു; പരാതിയുമായി ബസുടമകൾ
Mail This Article
രാമനാട്ടുകര ∙ ബസ് സ്റ്റാൻഡിൽ റൺവേ പൊട്ടിപ്പൊളിഞ്ഞു വാരിക്കുഴികൾ. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ഇടത്താണ് ഉപരിതലം പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ടത്. ബസുകൾ കുഴികളിൽ ചാടി ആടിയുലഞ്ഞു യാത്രക്കാർക്കു പരുക്കേൽക്കുന്നതു പതിവായി.സ്റ്റാൻഡിൽ പലയിടങ്ങളിലായി ടാറിങ് പൊട്ടിപ്പൊളിഞ്ഞു കിടപ്പാണ്. ദിവസംതോറും കുഴികളുടെ വ്യാപ്തി കൂടി വരികയാണ്. മഴ പെയ്താൽ ഇതിൽ വെള്ളം കെട്ടി നിൽക്കും. ബസുകൾ പോകുമ്പോൾ ചെളിയും കല്ലും യാത്രക്കാരുടെ ദേഹത്തു തെറിക്കുന്ന സ്ഥിതിയുണ്ട്. സ്വകാര്യ സംരംഭമായ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ ശുചിത്വ കാര്യങ്ങൾ, സ്റ്റാൻഡ് ഫീ പിരിവ്, ശുചിമുറി നടത്തിപ്പ് എന്നിവ നഗരസഭയും മറ്റു അടിസ്ഥാന സൗകര്യങ്ങൾ കെട്ടിട ഉടമകളും ഒരുക്കണമെന്നാണു കരാർ.
എന്നാൽ സൗകര്യങ്ങൾ ഒരുക്കാതെ ബന്ധപ്പെട്ടവർ സ്റ്റാൻഡിനെ അവഗണിക്കുകയാണെന്ന പരാതിയാണു യാത്രക്കാർക്ക്. സ്റ്റാൻഡിൽ ബേ സംവിധാനം ഇല്ലാത്തതിനാൽ ബസുകൾ തോന്നിയ പോലെ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. കുഴികൾ ഒഴിവാക്കി പലവഴിക്കു ബസുകൾ വരുന്നതു സ്റ്റാൻഡിൽ അപകട സാധ്യത ഉയർത്തുന്നുണ്ട്. കുഴികളിൽ ചാടി ബസുകളുടെ ലീഫ് സെറ്റ് പൊട്ടുന്നത് പതിവാണെന്നും ഇത് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതായും ബസുടമകൾ പറഞ്ഞു. അടിക്കടി ബസുകൾ കേടാകുന്നത് ട്രിപ് മുടങ്ങാനും ഇടവരുത്തുന്നു.അടിയന്തരമായി റൺവേ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ സ്റ്റാൻഡ് ബഹിഷ്കരിക്കുമെന്നും ഇക്കാര്യം സൂചിപ്പിച്ചു നഗരസഭ അധികൃതർക്ക് പരാതി നൽകിയതായും ഫറോക്ക് ഏരിയ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ.അബ്ദുല്ലക്കോയ പറഞ്ഞു.