രാമനാട്ടുകരയിലെ പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിട ഉദ്ഘാടനം ഇന്ന്
Mail This Article
രാമനാട്ടുകര ∙ നഗരത്തിൽ പുതുതായി നിർമിച്ച പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടം ഇന്ന് എം.കെ.രാഘവൻ എംപി നാടിനു സമർപ്പിക്കും. രാത്രി 7നു നടക്കുന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ ബുഷറ റഫീഖ് അധ്യക്ഷത വഹിക്കും. റീഗേറ്റ് ബിൽഡേഴ്സിന്റെ സഹായത്തോടെ പഴയ കെട്ടിടത്തിനു സമീപത്താണു പുതിയതു നിർമിച്ചത്.നഗരത്തിലെ സിസിടിവി ക്യാമറ കൺട്രോൾ പാനലിന്റെ മോണിറ്റർ ഉൾപ്പെടെയുള്ള സംവിധാനം പുതിയ കെട്ടിടത്തിലേക്കു മാറ്റി. 1996ൽ പ്രവർത്തനം ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റ് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയായിരുന്നു ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ ഒരു എസ്ഐയും 4 പൊലീസുകാരും ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ എസ്ഐയും പൊലീസുകാരനും മാത്രമാണുള്ളത്.
മേൽക്കൂരയിലെ സിമന്റ് തേപ്പ് അടർന്നും ചുമരുകളിൽ വിള്ളൽ വീണും പഴയ കെട്ടിടം തകർച്ചയുടെ വക്കിലായിരുന്നു. തണൽ മരത്തിന്റെ വേരുകൾ കെട്ടിടത്തിന്റെ അടിയിലൂടെ വളർന്നതാണു നാശത്തിനു ഇടയാക്കിയത്. ഇതോടെയാണ് ട്രാഫിക് പൊലീസ് പുതിയ കെട്ടിട നിർമാണത്തിന് പദ്ധതിയിട്ടത്. നഗരസഭ സഹായത്തോടെ പ്രായോജകരെ കണ്ടെത്തിയാണു നിർമാണം പൂർത്തീകരിച്ചത്.ഒരു വർഷമായി നഗരത്തിൽ ടാക്സി സ്റ്റാൻഡിന് സമീപത്തെ കടമുറിയിലായിരുന്നു താൽക്കാലികമായി എയ്ഡ് പോസ്റ്റ് പ്രവർത്തനം.