ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട സ്ത്രീ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു
Mail This Article
കുറ്റിപ്പുറം∙ ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട സ്ത്രീ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. തീർഥാടനം കഴിഞ്ഞ് ഏർവാടിയിൽ നിന്ന് മടങ്ങുകയായിരുന്ന ഏഴംഗ സംഘത്തിലുണ്ടായിരുന്ന കാസർകോട് ഉളിയത്തടുക്ക സ്വദേശി അവ്വാബി (64) ആണ് മരിച്ചത്. മൃതദേഹം കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ചെന്നൈ എഗ്മൂർ- മംഗ്ലൂരു എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴാണ് എസ്10 റിസർവെഷൻ കംപാർട്ട്മെന്റിലെ യാത്രക്കാരിയായ അവ്വബിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ആർപിഎഫിന്റെ സഹായത്തോടെ ഡോക്ടർ എത്തി മരുന്ന് നൽകി. ചികിത്സയ്ക്കായി ഷൊർണൂരിൽ ഇറങ്ങാൻ ഡോക്ടർ നിർദേശിച്ചെങ്കിലും വേദന കുറഞ്ഞതിനെ തുടർന്ന് സംഘം യാത്ര തുടരുകയായിരുന്നു. പതിനൊന്നരയോടെ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തും മുമ്പ് നെഞ്ചുവേദന കൂടുകയും അവ്വാബി ബോധരഹിതയാവുകയുമായിരുന്നു. സ്റ്റേഷനിൽ ഇറക്കി കുറ്റിപ്പുറം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും.