ADVERTISEMENT

ബേപ്പൂർ ∙ ജല അതോറിറ്റിയുടെ ബോർഡ് വച്ച കാറിൽ   ചന്ദനം കടത്തിയ 5 അംഗ സംഘത്തെയും മറ്റൊരു റെയ്‌ഡിൽ 2 പേരെയും  വനംവകുപ്പ് പിടികൂടി. ജല അതോറിറ്റിയുടെ ബോർഡ് വച്ചു ചന്ദനം കടത്തിയ സംഭവത്തിൽ കാർ ഡ്രൈവർ പന്തീരാങ്കാവ് ഇന്ദിര ഭവനിൽ എൻ.ശ്യാംപ്രസാദ് (44), നല്ലളം വാഹിദ് മൻസിലിൽ സി.പി.നൗഫൽ (53), ഒളവണ്ണ കൊരവൻകണ്ടി ഷാജുദ്ദീൻ (36), പന്തീരാങ്കാവ് സ്വദേശികളായ പറമ്പിൽതൊടി സി.ടി.അനിൽ (49), പട്ടാമ്പുറത്ത് മീത്തൽ പി.എം.മണി (53) എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ തങ്ങൾ കരാർ വ്യവസ്ഥയിൽ എടുത്ത വാഹനത്തിലല്ല ചന്ദനം കടത്തിയതെന്നും  ബോർഡ് പ്രതി മറ്റൊരു വാഹനത്തിൽ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ജല അതോറിറ്റി അറിയിച്ചു. പ്രതികളിൽ നിന്നു  40 കിലോ ചന്ദന മുട്ടികൾ പിടിച്ചെടുത്തു. സംഘം സഞ്ചരിച്ച കാറും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കേസിൽ കൂട്ടുപ്രതിയായ നല്ലളം സ്വദേശിക്കായി തിരച്ചിൽ വ്യാപിപ്പിച്ചു. തുടരന്വേഷണത്തിനും മറ്റു നടപടികൾക്കുമായി പ്രതികളെയും തൊണ്ടിമുതലും വാഹനങ്ങളും  താമരശ്ശേരി റേഞ്ച് ഓഫിസർക്ക് കൈമാറി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ജലഅതോറിറ്റിയുടെ ബോർഡ് സ്ഥാപിച്ച കാറിൽ ചന്ദനം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലും ഫ്ലയിങ് സ്ക്വാഡും ചേർന്നു നടത്തിയ നീക്കത്തിൽ മലാപ്പറമ്പ് ജലഅതോറിറ്റി ഓഫിസ് പരിസരത്താണ് പ്രതികൾ പിടിയിലായത്. പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ നിന്നു ചന്ദന മുട്ടികൾ കണ്ടെടുത്തു.സ്വകാര്യ പറമ്പുകളിൽ നിന്നു മുറിച്ചു കടത്തിയതാണ് ചന്ദനം എന്നാണു പ്രാഥമിക വിവരം. ഇതു ആർക്കാണ് വിൽപന നടത്തുന്നതെന്ന കാര്യം വനപാലകർ അന്വേഷിച്ചു വരികയാണ്. ചോദ്യം ചെയ്യലിനെത്തുടർന്നു സംഘത്തിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് ഫ്ലയിങ് സ്ക്വാഡ് നടത്തിയ മറ്റൊരു റെയ്ഡിൽ 10 കിലോ ചെത്തി ഒരുക്കിയ ചന്ദനവും 2 പ്രതികളെയും കല്ലാനോട് വച്ച് പിടികൂടി.ബാലുശ്ശേരി ചെറുകാട് തച്ചറോത്ത് ചാലിൽ അതുൽ (29), കൂരാച്ചുണ്ട് കല്ലാനോട് ഒതയോത്ത് വിഷ്ണു(26) എന്നിവരാണ് പിടിയിലായത്.

ഇവർ ചന്ദനം കടത്താൻ ഉപയോഗിച്ച 2 ഇരുചക്ര വാഹനങ്ങളും പിടികൂടി.കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എ.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.പി.പ്രശാന്ത്, എ.ആസിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.മുഹമ്മദ് അസ്‌ലം, എം.ദേവാനന്ദ്, കെ.വി.ശ്രീനാഥ്, എൻ.ലുബൈബ, ഇ.കെ.ശ്രീലേഷ് കുമാർ, ബി.പ്രബീഷ്, ഫോറസ്റ്റ് ഡ്രൈവർമാരായ പി.ജിതേഷ്, ടി.കെ.ജിജീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വാഹന കരാർ റദ്ദാക്കി 
കോഴിക്കോട് ∙  കസ്റ്റഡിയിലെടുത്ത കരാറുകാരൻ ശ്യാം പ്രസാദിന്റെ വാഹന കരാർ ഉടമ്പടി അതോറിറ്റി റദ്ദാക്കി. മാത്രമല്ല, കന്റീൻ കരാർ ഏറ്റെടുത്ത നൗഫൽ ജല അതോറിറ്റിയുടെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ് ചുമതലപ്പെടുത്തിയ വ്യക്തിയാണ്. ഇയാളുടെ കരാർ ക്ലബ് ഭാരവാഹികൾ റദ്ദാക്കി കാന്റീൻ താൽക്കാലികമായി അടച്ചു.

English Summary:

A smuggling ring was busted in Beypore, Kerala when the Forest Department apprehended five individuals attempting to smuggle sandalwood using a car falsely displaying the Water Authority's board. The accused were found with 40kg of sandalwood logs and their vehicles have been seized. The case highlights the ongoing problem of illegal logging and the lengths criminals will go to for profit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com