അദ്ഭുതമായി,ആഹ്ലാദം പകർന്ന്, യന്ത്രലോകം; മനോരമ ക്വിക് കേരള മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയ്ക്ക് ഉജ്വല തുടക്കം
Mail This Article
കോഴിക്കോട്∙ വൈവിധ്യം നിറഞ്ഞ സ്റ്റാളുകൾ, അദ്ഭുതത്തോടെ നോക്കിക്കാണുന്ന ജനക്കൂട്ടം. അച്ചപ്പം നിർമാണ യന്ത്രം കണ്ടു സ്റ്റാളുകൾ പിന്നിട്ടപ്പോൾ വട നിർമാണത്തിന്റെ എളുപ്പ വിദ്യ അവതരിപ്പിച്ച മറ്റൊരു യന്ത്രം... മുന്നൂറിലേറെ സ്റ്റാളുകൾ കയറി ഇറങ്ങി ഒടുവിൽ റോബട്ടിക്ക് ഡോഗിന്റെ ആകർഷക ചലനം കണ്ടു കുട്ടികളും സ്ത്രീകളും എഐയുടെ വിസ്മയ ലോകത്ത്. മനോരമ ക്വിക് കേരളയുടെ നേതൃത്വത്തിൽ സരോവരം ട്രേഡ് സെന്ററിൽ 4 ദിവസങ്ങളിലായി നടത്തുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ പുതിയ അനുഭവമായി. പുതിയ കാലത്തെ യന്ത്ര സ്നേഹം പ്രതിഫലിക്കുന്ന കാഴ്ചയാണ് മേളയിലുള്ളത്. അച്ചപ്പം യന്ത്രം ആദ്യദിനം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. മണിക്കൂറിൽ 800 അച്ചപ്പം പാകപ്പെടുത്തുന്ന ആധുനിക യന്ത്രത്തിനു മനുഷ്യ സഹായം വേണ്ട. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യന്ത്രത്തിനു പാകപ്പെടുത്തിയ മാവും ഓയിലും മാത്രം മതി. 4.2 ലക്ഷം രൂപ വില വരും ഈ യന്ത്രത്തിന്. ഒരേ സമയം 10 കിലോ മാവ് ശേഖരിച്ചു നിർമിക്കാൻ കഴിയും. യന്ത്രത്തിനു 35% സബ്സിഡി ലഭിക്കും. മണിക്കൂറിൽ 900– 1000 വട നിർമിക്കുന്ന യന്ത്രം തൃശൂരിൽ നിന്നാണ് എത്തിയത്. വടയുടെ വലിപ്പം ക്രമീകരിക്കാൻ കഴിയും.
കൈസഹായമില്ലാതെ വടയുടെ രൂപം യന്ത്രം തന്നെ നിശ്ചയിക്കും. 1.20 ലക്ഷം രൂപയാണ് വില. 30 മിനിറ്റ് കൊണ്ടു 16 നാളികേരം എളുപ്പം ചിരവിയെടുക്കാൻ ഉതകുന്ന യന്ത്ര ചിരവ ഏറെ ആകർഷകമാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട സിപ്പപ് നിർമാണ യന്ത്രം വീടുകളിൽ ഉപയോഗിക്കാൻ പറ്റുന്നതാണ്. മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ചു മാറ്റം വരുമ്പോൾ സാങ്കേതിക വിദ്യയുടെ മാറ്റവും അനിവാര്യമാണ്. ഇതു രാജ്യ പുരോഗതിക്കും ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഇത്തരം പ്രദർശനത്തിലൂടെ രാഷ്ട്ര നിർമാണ പ്രക്രിയയുടെ ഭാഗമായി മലയാള മനോരമയും മാറുകയാണെന്നു അദ്ദേഹം പറഞ്ഞു. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. 17നു സമാപിക്കും.