ഓടയില്ല: കടിയങ്ങാട് – പെരുവണ്ണാമൂഴി പൂഴിത്തോട് റോഡരിക് തകരുന്നു
Mail This Article
പെരുവണ്ണാമൂഴി ∙ കടിയങ്ങാട് – പെരുവണ്ണാമൂഴി – പൂഴിത്തോട് റോഡിൽ മാസങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയ മേഖലയിൽ പാതയോരത്ത് വെള്ളം കുത്തിയൊഴുകി റോഡ് നശിക്കുന്നു. 20 കോടിയോളം രൂപ ചെലവഴിച്ചു നവീകരിച്ച റോഡാണു തകരുന്നത്.പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസ് മേഖലയിൽ പാതയോരത്ത് വൻകുഴി രൂപപ്പെട്ടു. ഓവുചാൽ നിർമിക്കാത്തതും, പാതയോരം കോൺക്രീറ്റ് ചെയ്യാത്തതുമാണു പ്രശ്നം. മഴയത്ത് വെള്ളം കുത്തിയൊഴുകി പാതയോരം ഗർത്തമായതോടെ വാഹനങ്ങൾ സൈഡ് നൽകുമ്പോൾ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നു.
ടാറിങ്ങിനോട് ചേർന്ന് വെള്ളം ഒഴുകുന്നതിനാൽ ടാറിങ് ഭാഗവും നശിക്കുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ച പ്രവൃത്തി കൃത്യസമയത്ത് പൂർത്തീകരിക്കാത്തതാണു പ്രശ്നം. റോഡ് നശിക്കുന്നതിൽ ലക്ഷങ്ങൾ പൊതുമരാമത്ത് വകുപ്പിനു ലക്ഷങ്ങൾ നഷ്ടം സംഭവിക്കുകയാണ്. പ്രവൃത്തി പൂർത്തീകരിച്ച് റോഡ് സംരക്ഷിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.