ചക്കിട്ടപാറയിലെ പകൽവീട്ടിൽ നിന്ന് വയോജനങ്ങൾ പുറത്ത്
Mail This Article
ചക്കിട്ടപാറ ∙കമ്യൂണിറ്റി ഹാളിനു സമീപം ലക്ഷങ്ങൾ ചെലവഴിച്ച് പഞ്ചായത്ത് നിർമിച്ച പകൽവീട്ടിൽ വയോജനങ്ങൾക്ക് പ്രവേശനം ഇല്ലാതായി. വീട് നശിച്ച് താമസ സൗകര്യമില്ലാതായ വ്യക്തിയെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പകൽവീട്ടിൽ താമസിപ്പിച്ചതോടെ വയോജനങ്ങൾ സ്ഥാപനത്തിൽ നിന്നു പുറത്തായി.2017ൽ സ്ഥാപനം നിർമിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഫർണിച്ചർ ഉൾപ്പെടെ സൗകര്യം ഒരുക്കിയിരുന്നില്ല. പകൽവീട്ടിൽ സൗകര്യം ഒരുക്കണമെന്ന് വയോജന സംഘടന പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം പഞ്ചായത്ത് ഫണ്ട് അനുവദിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.പകൽവീട്ടിൽ പഞ്ചായത്ത് പലരെയും താമസിപ്പിക്കുന്നത് പതിവാണ്. ഇപ്പോൾ വയോജന സംഘടന നേതാക്കളുടെ കൈവശം താക്കോൽ ഇല്ലാത്തതിനാൽ അകത്ത് പ്രവേശിക്കാൻ സാധിക്കില്ല. വയോജനങ്ങളുടെ വിശ്രമ കേന്ദ്രം ഈ ആവശ്യത്തിനു തന്നെ ഉപയോഗപ്രദമാക്കാനും ഫർണിച്ചറിനു ഫണ്ട് അനുവദിക്കാനും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൻസ് ഫോറം പ്രസിഡന്റ് ജോസഫ് അമ്പാട്ട് ആവശ്യപ്പെട്ടു.