ദുരിതയാത്ര, പിന്നെയും പിന്നെയും; കുഴി മൂടിയതിനു പിന്നാലെ പിന്നെയും പൈപ്പ് പൊട്ടി
Mail This Article
കല്ലാച്ചി∙ തകർന്ന റോഡ് കുഴി മൂടി ടാർ ചെയ്തതിനു പിന്നാലെ പൈപ്പ് പൊട്ടി ജലച്ചോർച്ച. സൂര്യ സ്റ്റുഡിയോയ്ക്കു സമീപം ഇന്നലെ പകലും വെള്ളം റോഡിൽ പരന്നൊഴുകി. സാധാരണയായി രാത്രിയാണ് കുടിവെള്ളം പമ്പിങ് നടത്തിയിരുന്നത്. ഇന്നലെ പകലും കുടിവെള്ള വിതരണം നടത്തിയതോടെയാണ് പലയിടങ്ങളിലായി പൈപ്പ് വെള്ളം റോഡിൽ ഒഴുകിയത്. പൈപ്പുകൾ മാറ്റുന്നതു വരെ വിതരണം നിർത്തി വയ്ക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാൽ പമ്പിങ് തുടരുകയാണ്.
അടപ്പില്ലാത്ത അഴുക്കുചാലിൽ വീണ് പിന്നെയും അപകടം
കല്ലാച്ചി∙ മെയിൻ റോഡിനോടു ചേർന്നു നിർമാണം പൂർത്തിയായ മാളിനു സമീപത്തെ അടപ്പില്ലാത്ത അഴുക്കുചാലിൽ വീണു പരുക്കേറ്റവരുടെ എണ്ണം അഞ്ചായി. നരിക്കാട്ടേരി സ്വദേശിക്കാണ് കഴിഞ്ഞ ദിവസം വീണു പരുക്കേറ്റത്. പൊതുമരാമത്ത് അധികൃതരുടെ നിരുത്തരവാദ സമീപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പരുക്കേറ്റയാൾ പറഞ്ഞു. അധികൃതർ ഇന്നലെ സ്ഥലത്തെത്തി അപായസൂചനാ റിബൺ കെട്ടി. മലിനജലം കെട്ടിക്കിടക്കുന്ന ഓടയിലേക്കാണ് കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും വീഴുന്നത്. ഇവിടെ ഏറെയായി സ്ലാബുകളില്ലാത്ത സ്ഥിതിയാണ്. ഈ ഭാഗം സുരക്ഷിതമാക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നു പരുക്കേറ്റയാൾ മനോരമയോടു പറഞ്ഞു.
കുഴി അടച്ച് മണിക്കൂറുകൾ മാത്രം,പിന്നെയും കുഴി
കുറ്റ്യാടി∙ തകർന്ന റോഡിലെ കുഴികൾ അടച്ചു മണിക്കൂറുകൾക്കകം വീണ്ടും പഴയ പടിയായെന്ന് പരാതി. കുറ്റ്യാടി–വയനാട് റോഡിൽ തളീക്കര മുതൽ തൊട്ടിൽപാലം വരെയുള്ള ഭാഗത്തെ കുഴികളാണ് കഴിഞ്ഞ ദിവസം നികത്തിയത്. എന്നാൽ രാവിലെ നികത്തിയ കുഴികൾ വൈകിട്ടോടെ പഴയ പടിയായെന്നാണ് നാട്ടുകാരുടെ പരാതി. റോഡിൽ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെട്ടതോടെ ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി.