ADVERTISEMENT

കോഴിക്കോട്∙ ചേവായൂർ ബാങ്കിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത സംഘർഷമാണ് വോട്ടെടുപ്പ് ദിനത്തിലുണ്ടായത്. നിയമസഭ തിരഞ്ഞെടുപ്പിനു പോലും ഉണ്ടാകാത്ത സന്നാഹങ്ങളോടെയാണു കോൺഗ്രസും സിപിഎമ്മും എത്തിയത്. അതിന്റെ വീറും വാശിയും പ്രവർത്തകർ തമ്മിലുമുണ്ടായിരുന്നു.കോൺഗ്രസ് നേതാക്കളായ എം.കെ.രാഘവൻ എംപി, കെ.പ്രവീൺ കുമാർ, വി.എം.നിയാസ്, കെ.ജയന്ത് തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥലത്തെത്തി. സിപിഎം നേതാക്കളായ എം.മെഹബൂബ്, സി.പി.മുസാഫർ അഹമ്മദ്, എം.ഗിരീഷ് അടക്കമുള്ളവരും മറുവശത്തായി നിലയുറപ്പിച്ചിരുന്നു. ഒപ്പം പ്രവർത്തകരും. ഏതു നിമിഷവും അടി പൊട്ടുമെന്ന സംഘർഷാവസ്ഥ തുടക്കം മുതലേ ഉണ്ടായിരുന്നു. അത് അവസാനം കൂട്ടത്തല്ലിൽ അവസാനിക്കുകയും ചെയ്തു. 

∙ പുലർച്ചെ 4നു തന്നെ വോട്ടർമാർ പോളിങ് കേന്ദ്രമായ പറയഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ വരി നിൽക്കാനെത്തി. 
∙ രാവിലെ 7നു പ്രധാന ഗേറ്റ് തുറന്ന് ഏജന്റുമാരെയും ഉദ്യോഗസ്ഥരെയും അകത്തു കയറ്റി. കോൺഗ്രസിന്റെ ഏജന്റുമാരെ കയറ്റിയില്ലെന്ന് ആരോപിച്ച് സംഘർഷം. നേതാക്കൾ എത്തിയപ്പോൾ പൊലീസ് കയറ്റിവിട്ടു. 
∙ രാവിലെ 8ന് പോളിങ് ആരംഭിച്ചു. വിവിധ ബൂത്തുകളിൽ കള്ളവോട്ട് ആരോപണം. പ്രവർത്തകർ തമ്മിൽ ചില്ലറ വാക്കേറ്റങ്ങൾ. എങ്കിലും പോളിങ് സുഗമമായി നടന്നു. 
∙ വോട്ടർമാരെ എത്തിച്ച വാഹനങ്ങൾക്കു നേരെ അക്രമം. വിവിധയിടങ്ങളിലായി പത്തോളം വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായി.  
∙ 10 മണിയോടെ ആദ്യ ഘട്ട പോളിങ് കഴിഞ്ഞു. പതുക്കെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുന്നു. 
∙ 11 മണിയോടെ പ്രവർത്തകർ മുഖാമുഖം. സമാധാനം പാലിക്കണമെന്നാവശ്യപ്പെട്ട് ഇരുവിഭാഗം നേതാക്കളും രംഗത്തു വന്നെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല.
∙ സിപിഎമ്മിന്റെ കള്ളവോട്ട് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ  പ്രവർത്തകർ പലയിടത്തായി കൂടി നിന്ന് തെരുവുയുദ്ധം. 
∙ 12ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പൊലീസിനു നേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റം. ഇതോടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. എന്നാൽ അൽപ സമയത്തിനുള്ളിൽ പൊലീസ് സംഘം പിൻവലിഞ്ഞു. 
∙ ഇരുവിഭാഗവും പോർവിളികളോടെ പോളിങ് കേന്ദ്രത്തിനു മുന്നിലുള്ള റോഡിൽ നിലയുറപ്പിച്ചു. കയ്യേറ്റത്തിൽ പ്രതിഷേധിച്ച് എം.െക.രാഘവൻ എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ റോഡിൽ കുത്തിയിരുന്നു. 
∙ ഇതിനിടയിൽ ഒട്ടേറെ വോട്ടർമാർ വോട്ട്  ചെയ്യാതെ മടങ്ങി. 
∙ സംഘർഷം കനത്തപ്പോൾ പോളിങ് നിർത്തിവയ്ക്കുന്ന കാര്യം ഇടയ്ക്ക് ആലോചിച്ചിരുന്നെങ്കിലും ബൂത്തുകളിൽ സംഘർഷം ഇല്ലാത്തതിനാലാണു മാറ്റി വയ്ക്കാതിരുന്നത്. 
∙ സംഘർഷ വിവരമറിഞ്ഞ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ബാബു ചാണ്ടുളി സ്ഥലത്തെത്തി. സ്ഥിതിഗതികൾ വിലയിരുത്തി കലക്ടറുമായും എഡിഎമ്മുമായും സംസാരിച്ചു. 
∙ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാഞ്ഞപ്പോൾ പോളിങ് ബൂത്തുകളിൽ സംഘർഷമില്ലെന്ന മറുപടിയാണു ജോയിന്റ് റജിസ്ട്രാർ നൽകിയത്. ഇതോടെ പോളിങ് തുടർന്നു. 
∙ ഉച്ചയ്ക്ക് ഒന്നിന് സിപിഎം നേതാക്കളായ എം.മെഹബൂബും ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദും സിപിഎം പ്രവർത്തകരോട് സംയമനം പാലിക്കാൻ നിർദേശിച്ചു
∙ 2 മണിയോടെ പോളിങ് കേന്ദ്രമായ സ്കൂളിലേക്കുള്ള ഒരേ ഒരു വഴിയിൽ സിപിഎം പ്രവർത്തകരും കോൺഗ്രസ് വിമതരും സംഘം ചേർന്ന് വോട്ടർമാരെ തടയാൻ തുടങ്ങി
∙  വീണ്ടും കോൺഗ്രസ്–സിപിഎം പ്രവർത്തകർ തമ്മിൽ മണിക്കൂർ നീണ്ട സംഘർഷം. വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്ന വോട്ടർമാർ പൊലീസിനെതിരെ പ്രതിഷേധിച്ചു. 
∙  വൈകിട്ട് 4നു പോളിങ് അവസാനിച്ചു. എം.കെ.രാഘവന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു മടങ്ങി. സിപിഎം പ്രവർത്തകരും മടങ്ങി.
∙ വൈകിട്ട് 4.30ന് തിരഞ്ഞെടുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപനം. അതേസമയം പറയഞ്ചേരി സ്കൂളിൽ വോട്ടെണ്ണൽ തുടങ്ങി
∙ 7.30ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ആകെ പോൾ ചെയ്ത 8743 വോട്ടിൽ 4554 വോട്ട് നേടി സിപിഎം പിന്തുണയ്ക്കുന്ന ജനാധിപത്യ സംരക്ഷണ സമിതിക്കു സമ്പൂർണ വിജയം
∙ കോടതി നിർദേശത്തെ തുടർന്നു 3 ബോക്സുകളിലായി 2863 വോട്ടുകൾ സ്പെഷൽ ഗ്രേഡ് സീനിയർ ഇൻസ്പെക്ടർ വി.ബിജീഷ് കുമാർ മാറ്റിവച്ചു സീൽ ചെയ്തു.
∙ 8ന് പുതിയ ഭരണസമിതി ബാങ്കിൽ ആദ്യ യോഗം ചേർന്നു

സംഘർഷത്തിനിടയിലേക്ക് സൈറൺ മുഴക്കി ആംബുലൻസ് രോഗിയുമായി എത്തിയതോടെ ഇരുവിഭാഗവും സംഘർഷത്തിന് ഇടവേള കൊടുത്തു. എല്ലാവരും ചേർന്നു വഴിയൊരുക്കി ആംബുലൻസ് കടത്തിവിട്ടു.
സംഘർഷത്തിനിടയിലേക്ക് സൈറൺ മുഴക്കി ആംബുലൻസ് രോഗിയുമായി എത്തിയതോടെ ഇരുവിഭാഗവും സംഘർഷത്തിന് ഇടവേള കൊടുത്തു. എല്ലാവരും ചേർന്നു വഴിയൊരുക്കി ആംബുലൻസ് കടത്തിവിട്ടു.

വോട്ടർമാരെ തടയലും കള്ളവോട്ടും
കോഴിക്കോട്∙ ‘‘ചേവായൂർ ബാങ്കിന്റെ വർഷങ്ങളായുള്ള മെംബറാണ് ഞാൻ. പാലക്കാട് ജോലി സ്ഥലത്തു നിന്നു രണ്ടു ട്രെയിൻ മാറിക്കയറി വരികയാണ്, എന്നിട്ടും വോട്ട് ചെയ്യാൻ എന്നെ ഇവർ അനുവദിക്കുന്നില്ല. പൊലീസിനോടു പറഞ്ഞിട്ടും കാര്യമില്ല. പൊലീസ് കേൾക്കാത്ത പോലെ നിൽക്കുകയാണ്. ഈ നാട്ടിൽ ജനാധിപത്യത്തിന് ഒരു വിലയുമില്ലേ?’’കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശി കെ.മുസ്തഫ രോഷത്തോടെ ചോദിക്കുകയാണ്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ പലരുടെയും അവസ്ഥ ഇതായിരുന്നു.രാവിലെ 9ന് വോട്ട് ചെയ്യാനെത്തിയതാണ് നെല്ലിക്കോട് സ്വദേശി എം.കെ.ജ്യോതി. അപ്പോഴേക്കും ജ്യോതിയുടെ വോട്ട് മറ്റാരോ ചെയ്തു കഴിഞ്ഞിരുന്നു. പലരുടെയും വോട്ട് അവരെത്തുന്നതിനു മുൻപേ കള്ളവോട്ടായി വീണു.ഉച്ചയ്ക്ക് ശേഷം വോട്ട് ചെയ്യാനെത്തിയ സിപിഎം അനുകൂല വോട്ടർമാർ ഒഴികെയുള്ളവർക്കൊന്നും പോളിങ് കേന്ദ്രത്തിൽ കയറാൻ പോലുമായില്ല. പ്രവേശന കവാടത്തിൽ വഴി തടഞ്ഞു നിന്ന സിപിഎം–കോൺഗ്രസ് വിമത പ്രവർത്തകർ വന്നവരെയെല്ലാം മടക്കി അയച്ചു. പോളിങ് ബൂത്തിൽ അടി നടക്കുകയാണ്, അകത്തേക്കു പോകേണ്ട എന്നു വനിത പ്രവർത്തകരെ ഉപയോഗിച്ചു തന്ത്രത്തിൽ പറഞ്ഞു ചിലരെ മടക്കിയയച്ചു. ചിലരെ ഭീഷണിപ്പെടുത്തി. ചിലരുടെ ബാങ്ക് തിരിച്ചറിയൽ കാർഡുകൾ സിപിഎം പ്രവർത്തകരും കോൺഗ്രസ് വിമതരും ചേർന്നു കീറിയെറിഞ്ഞു. കള്ളവോട്ട് ചെയ്യാനെത്തിയവരാണെന്ന് ആരോപിച്ചായിരുന്നു ഇത്. സ്ത്രീകൾക്കും മർദനമേറ്റതോടെ വോട്ട് ചെയ്യാനെത്തിയ പലരും ഭയന്ന് പിൻമാറി. മാധ്യമങ്ങൾക്കു മുൻപിൽ പരസ്യമായി സിപിഎം പ്രവർത്തകർ വോട്ടർമാരെ മടക്കി അയയ്ക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നു. 

തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചു: കെ.സുധാകരൻ
കോഴിക്കോട്∙ ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് സിപിഎം അധികാരത്തിന്റെയും കയ്യൂക്കിന്റെയും ബലത്തിൽ അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സർക്കാർ നിർദേശ പ്രകാരം പൊലീസ് നഗ്നമായ ജനാധിപത്യ ധ്വംസനത്തിനും വ്യാപകമായ അക്രമങ്ങൾക്കും കൂട്ടുനിന്നെന്നും സുധാകരൻ ആരോപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസിനെ മൃഗീയമായി സിപിഎം പ്രവർത്തകർ മർദിച്ചു. കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. എം.കെ.രാഘവൻ എംപിക്കെതിരെ കയ്യേറ്റമുണ്ടായി. നേതാക്കൾക്കും പ്രവർത്തകർക്കും നേരെ നടന്ന അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകുന്നില്ലെങ്കിൽ രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസ് നേരിടുമെന്നും സുധാകരൻ പറഞ്ഞു.

വ്യാജ പ്രചാരണം നടത്തിയെന്ന് വിമതർ
കോഴിക്കോട്∙ കേരളത്തിലെ ഏറ്റവും അഴിമതിരഹിത ബാങ്കാണ് ചേവായൂർ സഹകരണ ബാങ്കെന്നും ഇതേ മാതൃകയിൽ കൊണ്ടുപോകാനാണ് പ്രശാന്ത് കുമാറിനു പിന്തുണ നൽകിയതെന്നും സിപിഎം നേതാവ് എം.മെഹബൂബ്. സിപിഎമ്മിന്റെ 4 സ്ഥാനാർഥികളും ജനാധിപത്യ സംരക്ഷണ സമിതിയുടെ 7 പേരുമാണു മത്സരിച്ചത്. അഴിമതിക്കാർ വരാതിരിക്കാനാണ് മത്സരിച്ചത്. സിപിഎമ്മിനു മാത്രം 4100 വോട്ടുണ്ട്. കോൺഗ്രസ് വിമതർക്ക് 2000 വോട്ടുമുണ്ട്. 1800ലേറെ വോട്ടുകൾ പുതുതായി ചേർത്തിട്ടുമുണ്ട്.ഇത്രയും വോട്ട് തന്നെ ജയിക്കാൻ ധാരാളമാണ്. തങ്ങൾ കള്ളവോട്ട് ചെയ്തു എന്നു കോൺഗ്രസ് വ്യാജമായി പ്രചരിപ്പിച്ചു. ജയത്തിൽ കെ.സുധാകരനോട് നന്ദിയുണ്ട്. സുധാകരന്റെ കൊലവിളി പ്രസംഗം കൊണ്ടാണ് തങ്ങൾ കൂടുതൽ കാര്യക്ഷമമായി ഇടപെട്ടതെന്നും എം.മെഹബൂബ് പറഞ്ഞു.തങ്ങൾക്കെതിരെ വ്യാജ പ്രചാരണമാണു നടത്തിയതെന്ന് ജി.സി.പ്രശാന്ത് കുമാർ പറഞ്ഞു. കെപിസിസി തങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകിയില്ല.  പൂർണമായും മാറ്റി നിർത്തി. ഇതേ തുടർന്നാണു മത്സരിച്ചത്. ഇന്നലെ രാത്രി വരെ ഭീഷണിയുണ്ടായിരുന്നതായും പ്രശാന്ത് കുമാർ പറഞ്ഞു.

കാഴ്ചക്കാരായി പൊലീസ്
കോഴിക്കോട്∙ അടി, ഇടി, ഒരു പകൽ നീണ്ട സംഘർഷം. എല്ലാറ്റിനും കാഴ്ചക്കാരായി പൊലീസ്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിന്റെ പ്രധാന കാരണം പൊലീസ് ഉന്നത തലത്തിലുണ്ടായ വീഴ്ചയായിരുന്നെന്നു വ്യക്തം. തിരഞ്ഞെടുപ്പ് നടക്കാൻ സംരക്ഷണം ഒരുക്കേണ്ട പൊലീസ് കൈകെട്ടി നിന്നതോടെ ആയിരക്കണക്കിനു വോട്ടർമാർ വോട്ട് ചെയ്യാനാകാതെ മടങ്ങി.  ഉന്നത പൊലീസ് നീക്കങ്ങളെല്ലാം പാളിയതോടെ ഒരു ഘട്ടം എത്തിയപ്പോൾ പൊലീസ് സേനയും സംഘർഷ സ്ഥലത്തു നിന്നു പിൻവലിഞ്ഞു.ഒടുവിൽ വൈകിട്ടു നാലിനു പോളിങ് അവസാനിച്ചു പൊലീസ് സംഘം മടങ്ങുമ്പോൾ കൂവി വിളിച്ചും പ്രതിഷേധ മുദ്രാവാക്യം വിളിച്ചുമാണു വോട്ടർമാരും കോൺഗ്രസ് പ്രവർത്തകരും യാത്രയാക്കിയത്. പൊലീസ്  കാണിച്ച പക്ഷപാതത്തിനെതിരെ നടുറോഡിൽ വോട്ടർമാർ പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിക്കുന്ന കാഴ്ചയും ഉണ്ടായി. തിരഞ്ഞെടുപ്പിനു സംരക്ഷണം ഒരുക്കാത്ത പൊലീസ് നടപടിക്കെതിരെ നാളെ യുഡിഎഫ് ഹൈക്കോടതിയിൽ ഹർജി നൽകും. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നു പലരും പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.  സിപിഎം പ്രവർത്തകരും ഭരണസമിതി അനുകൂല കോൺഗ്രസ് വിമതരും പുലർച്ചെ നാലോടെ തന്നെ സ്കൂളിനു മുന്നിൽ ക്യാംപ് ചെയ്തിരുന്നു.

ആംബുലൻസ് കടന്നു പോയതും അടി പൂർവാധികം ശക്തിയോടെ പുനരാരംഭിച്ചു. കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്ക് സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമതർ പിടിച്ചെടുത്തു. ചിത്രം: മനോരമ
ആംബുലൻസ് കടന്നു പോയതും അടി പൂർവാധികം ശക്തിയോടെ പുനരാരംഭിച്ചു. കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്ക് സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമതർ പിടിച്ചെടുത്തു. ചിത്രം: മനോരമ

പോളിങ് കേന്ദ്രത്തിനുള്ളിൽ  23 ബൂത്തുകളിലും മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിൽ വൻ സന്നാഹമുണ്ടായിരുന്നെങ്കിലും പ്രവേശന കവാടത്തിനു പുറത്ത് പൊലീസ് അംഗബലം തുടക്കം മുതലേ കുറവായിരുന്നു. ‌സ്കൂളിലേക്കുള്ള ഏക വഴിയിൽ സംഘർഷം ആസൂത്രണം ചെയ്തതു വോട്ടർമാർ പോളിങ് ബൂത്തിൽ എത്താതിരിക്കാൻ വേണ്ടി തന്നെയായിരുന്നു. സിപിഎമ്മിന്റെയും കോൺഗ്രസ് വിമതരുടെയും ഈ നീക്കത്തിന് പൊലീസ് ഒത്താശ ചെയ്യുകയും ചെയ്തതോടെ വോട്ടർമാർക്കു മടങ്ങേണ്ടി വന്നു.ഉന്നത പൊലീസ് നിർദേശത്തിൽ അവ്യക്തതകളായതോടെ ഗേറ്റിൽ സുരക്ഷയ്ക്ക് നിന്ന പൊലീസുകാർ സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന്  പതുക്കെ പിൻവലിഞ്ഞു. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ ഏതാനും പൊലീസുകാർ മാത്രം പ്രവേശന കവാടത്തിലുണ്ടായിരുന്നു. വൈകിട്ട് 4നു പോളിങ് അവസാനിക്കും വരെ സംഘർഷം നീണ്ടപ്പോൾ അതിനു കാവലായി പൊലീസ് സംഘവുമുണ്ടായിരുന്നു.ഒടുവിൽ പോളിങ് കഴിഞ്ഞു പൊലീസ് സംഘം ബസിലേക്ക് മടങ്ങുമ്പോൾ കനത്ത പ്രതിഷേധമാണ് വോട്ടർമാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ഭാഗത്തു നിന്നുണ്ടായത്. പല പൊലീസ് ഉദ്യോഗസ്ഥരും ബസിൽ കയറാതെ മറ്റൊരു വഴിക്കു മടങ്ങുകയും ചെയ്തു. 

English Summary:

A heated election at Chevayur Bank in Kozhikode witnessed unprecedented conflict between Congress and CPM supporters, culminating in a physical clash. The incident highlighted the intense political climate in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com