ഏലൈസ...ഏലൈസ...; ഖത്തറിൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാനായി നിർമിച്ച ആഡംബര ഉരു നീറ്റിലിറക്കി
Mail This Article
ബേപ്പൂർ ∙ ഖലാസിമാരുടെയും കമ്മാലിമാരുടെയും ഏലൈസ വിളിയുടെ ആരവത്തിൽ ബേപ്പൂരിലെ ആഡംബര ഉരു നീരണിഞ്ഞു. ഖലാസി മൂപ്പൻ കൈതയിൽ അബ്ദുറഹിമാന്റെ (കോയ) നേതൃത്വത്തിൽ 20 തൊഴിലാളികൾ ചേർന്ന് അർധരാത്രിയാണ് ഉല്ലാസ നൗക നീറ്റിലിറക്കിയത്. മരം കൊണ്ടുണ്ടാക്കിയ ദവ്വർ തിരിച്ച് ഉരുളൻ ബാലൂസിൽ പതുക്കെ നീക്കി നദീമുഖത്ത് എത്തിച്ച ഉരു വേലിയേറ്റത്തിലാണു ചാലിയാറിൽ ഇറക്കിയത്. ഖത്തറിലെ വ്യവസായി ഷെയ്ഖ് അഹമ്മദ് സാദയ്ക്കു വേണ്ടി ബേപ്പൂർ സായൂസ് വുഡ് വർക്സ് നിർമിച്ചതാണ് ആഡംബര ഉരു. ബിസി റോഡിൽ ചാലിയാർ തീരത്തെ യാർഡിൽ പണി പൂർത്തീകരിച്ച ഉരു 13നു രാവിലെയാണ് നദിയിലേക്കു നീക്കിത്തുടങ്ങിയത്. ശനി രാത്രി നീരണിഞ്ഞെങ്കിലും പൊളിക്കാൻ കൊണ്ടിട്ട മത്സ്യബന്ധന ബോട്ട് തീരത്തു കിടന്നതു വെള്ളത്തിൽ ഇറക്കുന്നതിന് പ്രയാസം സൃഷ്ടിച്ചു. തുറമുഖ അധികൃതരുടെയും കസ്റ്റംസിന്റെയും ക്ലിയറൻസ് ലഭ്യമാക്കി ദുബായിലേക്കാണു കൊണ്ടുപോകുന്നത്.
അവിടെ അകത്തെ ആഡംബര പണി പൂർത്തിയാക്കിയ ശേഷമാകും ഖത്തറിലേക്കു കൊണ്ടു പോകുകയെന്നു സായൂസ് കമ്പനി ഉടമ പി.ശശിധരൻ പറഞ്ഞു. മുകൾ ഭാഗത്ത് 140 അടി നീളമുള്ളതാണ് ആഡംബര ഉരു. 33 അടി വീതിയും 12.5 അടി ഉയരവുമുണ്ട്. അമരം 7.5 അടിയാണ് താഴ്ച. ഖത്തറിൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാനുള്ളതാണ്. തച്ചുശാസ്ത്ര വിദഗ്ധരായ ബേപ്പൂർ എടത്തൊടി സത്യൻ, പുഴക്കര ശ്രീധരൻ, സോമൻ കിടങ്ങത്ത് എന്നിവരുടെ നേതൃത്വത്തിൽ പരമ്പരാഗത രീതിയിലാണു നിർമാണം പൂർത്തീകരിച്ചത്.