രവിരാജും സംഘവും ഒരു മാസത്തിനിടെ കടത്തിയത് 6 വാഹനങ്ങൾ; വാഹനമോഷണം പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച്
Mail This Article
ഫറോക്ക് ∙ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചു വാഹനമോഷണം നടത്തുന്ന സംഭവത്തിൽ പ്രതിയായ രവിരാജും സംഘവും ഒരു മാസത്തിനിടെ പൊക്കിയത് 6 ബൈക്കുകൾ. ഫറോക്ക്, കോഴിക്കോട്, വടകര റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കുന്നമംഗലത്തു നിന്നുമാണു രവിരാജ് കുട്ടികളെ ഉപയോഗിച്ചു ബൈക്ക് മോഷ്ടിച്ചത്.
ഒക്ടോബറിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നു മോഷണം പോയ ബൈക്കിനെ ചുറ്റിപ്പറ്റി അസി.കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും നടത്തിയ അന്വേഷണത്തിലാണ് ചാത്തമംഗലം അരക്കംപറ്റ വാലിക്കൽ രവിരാജും (സെങ്കുട്ടി–24), 2 പ്രായപൂർത്തിയാകാത്ത കുട്ടികളും പിടിയിലായത്. റിമാൻഡിലായിരുന്ന രവിരാജിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണു മറ്റു ബൈക്ക് മോഷണത്തെ പറ്റിയുള്ള വിവരം ലഭിച്ചത്.
തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ 6 ബൈക്കുകൾ കണ്ടെടുത്തു. ഇവ വടകര, കോഴിക്കോട് ടൗൺ, കുന്നമംഗലം പൊലീസിനു കൈമാറി. ആഡംബര ജീവിതം വാഗ്ദാനം ചെയ്താണ് രവിരാജ് പ്രായപൂർത്തിയാകാത്തവരെ മോഷണത്തിനു പ്രേരിപ്പിച്ചത്. കുട്ടികളായത് കൊണ്ടു കേസ് ഉണ്ടാവില്ലെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു. മോഷ്ടിച്ച വാഹനം വിൽപന നടത്തുന്നതിനു കുട്ടികൾക്കു ടാർഗറ്റ് നൽകിയിരുന്നു. മോഷ്ടിച്ച് എത്തിക്കുന്ന ഓരോ വാഹനങ്ങൾക്കും 4,000 മുതൽ 10,000 രൂപ വരെയാണു രവിരാജ് വില നൽകിയിരുന്നത്.
പിടിയിലായ കുട്ടികളിൽ ഒരാൾക്കെതിരെ വാഹന മോഷണത്തിനു ടൗൺ, വെള്ളയിൽ, ചേവായൂർ സ്റ്റേഷനുകളിലായി 3 കേസുകൾ നിലവിലുണ്ട്. ഫറോക്ക് എസ്ഐ ആർ.എസ്.വിനയൻ, ക്രൈം സ്ക്വാഡ് എഎസ്ഐ പി.അരുൺ കുമാർ, സീനിയർ സിപിഒമാരായ പി.മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, ഐ.ടി.വിനോദ്, സിപിഒമാരായ പി.എം.സനീഷ്, അഖിൽ ബാബു, പി.സുബീഷ് വേങ്ങേരി, അഖിൽ ആനന്ദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.