പതുക്കെ പോകുക; മുക്കുങ്ങൽ മദ്രസയ്ക്കു സമീപത്തെ കോൺക്രീറ്റ് പാലം അപകടത്തിൽ
Mail This Article
മുക്കം∙ കാരശ്ശേരി പഞ്ചായത്തിനെയും കൊടിയത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നെല്ലിക്കാപറമ്പ് കട്ടിരിച്ചാൽ റോഡിൽ മുക്കുങ്ങൽ മദ്രസയ്ക്കു സമീപത്തെ കോൺക്രീറ്റ് പാലം അപകടാവസ്ഥയിൽ. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. പാലം പുതുക്കി നിർമിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. കൊടിയത്തൂർ കാരശ്ശേരി റോഡിലെ കോട്ടമ്മൽ പാലം പുതുക്കി നിർമിക്കുന്നതിനാൽ കൊടിയത്തൂർ, ചെറുവാടി ഭാഗങ്ങളിലേക്കുള്ളവരും മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് എംവിആർ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നത് നെല്ലിക്കാപറമ്പ് കൊടിയത്തൂർ റോഡിലൂടെയാണ്.
കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി, വാദിറഹ്മ ഇംഗ്ലിഷ് സ്കൂൾ, ചെറുവാടി ഗവ.ഹൈസ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള സ്കൂൾ ബസുകൾ അടക്കമുള്ള ബസ്സുകളും മറ്റു വാഹനങ്ങളും അപകടാവസ്ഥയിലുള്ള ഈ പാലത്തിലൂടെയാണ് പോകുന്നത്. ക്വാറികളിലേക്കുള്ള ഭാരം കയറ്റിയ ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളും ഇതുവഴി കടന്നു പോവുന്നു.വീതി വളരെ കുറവായ റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം വാഹനങ്ങൾ എത്തിപ്പെട്ടാൽ യാത്ര ദുരിതമാണ്.
പാലത്തിന്റെ സംരക്ഷണ ഭിത്തികൾ തകർന്നതും അപകടം സൃഷ്ടിക്കുന്നു. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് കമ്പികൾ തകർന്ന് പുറത്ത് കാണത്തക്ക വിധത്തിലായിട്ടുണ്ട്. അടി ഭാഗത്തെ കരിങ്കല്ലുകൾ അടർന്നു തുടങ്ങിയിട്ടുണ്ട്.പാലത്തിന്റെ ശോച്യാവസ്ഥ നാട്ടുകാർ കൊടിയത്തൂർ പഞ്ചായത്ത് അധികൃതരെ നേരത്തെ അറിയിച്ചിരുന്നു. എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നടപടിയില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.