ജലഗതാഗത ടൂറിസം വികസനം: ചാലിയാറിൽ 2 ഫ്ലോട്ടിങ് ബോട്ട് ജെട്ടി സ്ഥാപിക്കും
Mail This Article
ഫറോക്ക് ∙ ജലഗതാഗത ടൂറിസം വികസനം ലക്ഷ്യമിട്ടു ചാലിയാറിൽ 2 ഫ്ലോട്ടിങ് ബോട്ട് ജെട്ടികൾ ഒരുക്കുന്നു. പഴയ പാലത്തിനും പുതിയ പാലത്തിനും സമീപത്താണു വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ബോട്ട് ജെട്ടികൾ നിർമിക്കുന്നത്. ഇതിന്റെ ആദ്യഘട്ട റാംപ് നിർമാണ പ്രവൃത്തി പൂർത്തിയായി.വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന എച്ച്ഡിപിഇ (ഹൈ ഡെൻസിറ്റി പോളി എത്തിലിൻ) ബ്ലോക്കുകൾ സ്ഥാപിക്കുന്ന പണികളാണു ബാക്കിയുള്ളത്. 3 മീറ്റർ വീതിയിലും 10 മീറ്റർ നീളത്തിലുമാണു ഫ്ലോട്ടിങ് ജെട്ടി സജ്ജമാക്കുന്നത്. വേലിയിറക്ക സമയങ്ങളിലും ഉപയോഗിക്കാനാണ് റാംപ് ഉൾപ്പെടെ പണിയുന്നത്. വെള്ളത്തിൽ ഒഴുകുന്ന ജെട്ടിയായതിനാൽ നദിയിലെ ജലവിതാനത്തിന്റെ വ്യത്യാസത്തിനും ഒഴുക്കിന്റെ ദിശയ്ക്കനുസരിച്ചും ഇവ മാറ്റി സ്ഥാപിക്കാനാകും.
ചാലിയാറിൽ കൂടുതൽ ഹൗസ് ബോട്ട് സർവീസുകൾ തുടങ്ങുന്നതിനും ജല സാഹസിക വിനോദ സഞ്ചാരത്തിന് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സഞ്ചാരികൾക്കു യാത്രാ സൗകര്യം വിപുലമാക്കാനാണു പുതിയ ജെട്ടികൾ.നിലവിൽ ചാലിയാർ കേന്ദ്രീകരിച്ച് സ്വകാര്യ ഏജൻസികൾ ടൂറിസ്റ്റ് ബോട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും ബോട്ടുകളിൽ കയറുന്ന യാത്രക്കാർക്കു മറ്റെവിടെയും ഇറങ്ങാൻ മാർഗമില്ല. ഇതും തദ്ദേശീയ ടൂറിസം വികസനവും പരിഗണിച്ചാണ് ഫ്ലോട്ടിങ് ജെട്ടികൾ നിർമിക്കാൻ ടൂറിസം വകുപ്പ് പദ്ധതിയിട്ടത്.