ADVERTISEMENT

കല്ലാച്ചി∙ ബജറ്റിൽ 3 വർഷം മുൻപ് തുക അനുവദിച്ച ടൗൺ വികസനം ഇനി മുടങ്ങില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തി ഡിസംബർ 5 ന് തുടങ്ങാൻ ഇ.കെ.വിജയൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി, വ്യാപാരി, ജനപ്രതിനിധി, ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനമായി. വികസനത്തിനു വ്യാപാരികൾ എതിരു നിൽക്കില്ലെന്നും, കടകൾ പൊളിക്കേണ്ടി വരുമ്പോൾ ഒരു വ്യാപാരിയെയും വഴിയാധാരമാക്കില്ലെന്ന എംഎൽഎയുടെയും സർവകക്ഷി നേതാക്കളുടെയും ഉറപ്പ് വ്യാപാരികൾ മുഖ വിലയ്ക്കെടുക്കുകയാണെന്നും വിവിഇഎസ് മേഖലാ ജന.സെക്രട്ടറി എം.സി.ദിനേശനും യൂണിറ്റ് സെക്രട്ടറി ഇല്ലത്ത് ശംസുദ്ദീനും വ്യക്തമാക്കി.

3 കോടി രൂപ സർക്കാർ അനുവദിച്ച് കരാർ നൽകിയ ശേഷവും വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കത്തെ തള്ളാൻ മാത്രമേ കഴിയൂ എന്ന് എംഎൽഎ ഇ.കെ.വിജയനും പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലിയും വ്യക്തമാക്കി. സിപിഎം ഓഫിസിന്റെ മുൻഭാഗം അടക്കം പൊളിക്കാനാണ് തീരുമാനം. 550 മീറ്റർ നീളത്തിലാണ് റോഡ് പണി. നിലവിലുള്ള അഴുക്കുചാൽ റോഡിനോട് ചേർത്ത് പുതിയ അഴുക്കുചാൽ കടകളുടെ മുൻ ഭാഗത്തു നിന്ന് സ്ഥലമെടുത്തു നിർമിക്കാനാണ് എസ്റ്റിമേറ്റ് എന്ന് എഎക്സ്ഇ നിധിൻ ലക്ഷ്മൺ പറഞ്ഞു.

6 മാസമാണ് കാലാവധി. ഒരു ഭാഗത്തെ പ്രവൃത്തി പൂർത്തീകരിച്ച ശേഷമായിരിക്കും എതിർ ദിശയിലെ പണി തുടങ്ങുക. കടകളുടെ മുൻ ഭാഗം പൊളിച്ചു വികസനത്തിനു സൗകര്യം ചെയ്യാനുള്ള നോട്ടിസ് ഉടൻ വ്യാപാരികൾക്ക് നൽകും. കെട്ടിട ഉടമകളും വ്യാപാരികളും തമ്മിൽ കോടതിയിൽ കേസുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ അനുരഞ്ജനത്തിന് സർവകക്ഷി സംഘം നേതൃത്വം നൽകും. ഇന്ന് 5ന് പ്രഥമ യോഗം പഞ്ചായത്ത് ഓഫിസിൽ ചേരും. നിലവിലുള്ള കെട്ടിടങ്ങൾ സുരക്ഷിതമാക്കുന്ന പ്രവൃത്തി ഉടമകൾക്ക് നടത്താം.

ടൗണിലേക്ക് ഒട്ടേറെ ജനങ്ങൾ എത്തുന്ന കല്ലാച്ചി കുമ്മങ്കോട് റോഡ്, പയന്തോങ് ചിയ്യൂർ റോഡ്, കുമ്മങ്കോട് വരിക്കോളി റോഡ് എന്നിവയുടെ സമഗ്രമായ വികസന പാക്കേജും  അംഗീകരിച്ചു. വരിക്കോളി റോഡിന്റെ ആദ്യ ഭാഗം ഇന്റർലോക്ക് ചെയ്യും. ചിയ്യൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട യോഗം 25ന് 3നു ചേരും. കുമ്മങ്കോട് റോഡിൽ പുതുതായി പണിയുന്ന ഓവുപാലം കുറ്റമറ്റ രീതിയിലും വെള്ളമൊഴുക്ക് അനായാസം ആകും വിധത്തിലും നിർമിക്കും. 

പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, സ്ഥിരം സമിതി അധ്യക്ഷരായ ജനീദാ ഫിർദൗസ്, സി.കെ.നാസർ, രജീന്ദ്രൻ കപ്പള്ളി, മെംബർമാരായ കണേക്കൽ അബ്ബാസ്, പി.പി.ബാലകൃഷ്ണൻ, നിഷാ മനോജ്, വി.അബ്ദുൽ ജലീൽ, രാഷ്ട്രീയ നേതാക്കളായ കെ.പി.കുമാരൻ, ഹമീദ് വലിയാണ്ടി, കെ.എം.രഘുനാഥ്, ടി.സുഗതൻ, കെ.ടി.കെ.ചന്ദ്രൻ, പിഡബ്ല്യുഡി എഎക്സ്ഇ നിധിൻ ലക്ഷ്മൺ, എഇ സി.ബി.നളിൻകുമാർ, ഓവർസീയർ ഇ.പി.ശരണ്യ, പഞ്ചായത്ത് എഇ ഡി.കെ.ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

The much-awaited Kallachi town development project is finally moving forward after a three-year delay. An all-party meeting, including local traders and officials, was held to address concerns and finalize the project launch date of December 5th. The Uralungal Labor Contract Society will undertake the development work, with assurances from MLA E.K. Vijayan and other leaders that traders affected by potential shop demolitions will be accommodated. The government has already allocated 3 crore rupees for the project, demonstrating its commitment to Kallachi's growth and development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com