ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: പൊലീസിന് വീഴ്ചയെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട്
Mail This Article
കോഴിക്കോട് ∙ ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ സംഘർഷത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട്. സ്വതന്ത്രമായി വോട്ടു രേഖപ്പെടുത്താൻ വോട്ടർമാർക്കു സൗകര്യമൊരുക്കുന്നതിൽ വീഴ്ചയുണ്ടായതാണ് പൊലീസ് ഇന്റലിജൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ അടുത്ത ദിവസം ചുമതലപ്പെടുത്തിയേക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനാണു നീക്കം.
തിരഞ്ഞെടുപ്പിനു മുൻപേ കോൺഗ്രസ് സ്ഥാനാർഥികളിൽ ചിലർ നൽകിയ ഹർജിയിൽ വോട്ടർമാർക്കു സംരക്ഷണം നൽകണമെന്നു ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. കോൺഗ്രസുകാരായ വോട്ടർമാരെ ബൂത്തിൽ പ്രവേശിപ്പിക്കാതെ അടിച്ചോടിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നായിരുന്നു വ്യാപക പരാതി. പൊലീസ് പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് സിപിഎമ്മും ജനാധിപത്യ സംരക്ഷണ സമിതിയും ബാങ്ക് ഭരണം പിടിച്ചെടുത്തതെന്നു കോൺഗ്രസ് ആരോപിക്കുന്നു.
250 പൊലീസുകാരെയാണു സ്ഥലത്തു നിയോഗിച്ചിരുന്നത്. 4 അസി. കമ്മിഷണർമാർ, 13 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 40 ഉന്നതോദ്യോഗസ്ഥർ വേറെയുമുണ്ടായിരുന്നു. കൺമുന്നിലെ ഗുണ്ടായിസത്തിനെതിരെ നിഷ്ക്രിയമായതിന്റെ പേരിൽ അസി. കമ്മിഷണറോടു മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ.ജിജീഷ് കയർത്തു സംസാരിച്ചതും വിവാദമായിരുന്നു. ശാരീരിക അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി അവധിയിൽ പ്രവേശിച്ചിരിക്കുകയാണു ജിജീഷ്. അതേസമയം, കഴിഞ്ഞ ഭരണസമിതിക്കെതിരെ കോൺഗ്രസ് ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ 5 വർഷത്തിനു ശേഷവും നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കേസുമായി കോൺഗ്രസ്
തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി ജില്ലാ കോൺഗ്രസ് നേതൃത്വം. വോട്ടു ചെയ്യാൻ കഴിയാതെ പോയവരുടെ പരാതിയാണ് കോടതിയുടെ ഇടപെടലിനായി സമർപ്പിക്കുക. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടുന്ന പരാതിയും സമർപ്പിക്കും. മതിയായ പൊലീസ് സംരക്ഷണം നൽകുക, ബാങ്ക് തിരിച്ചറിയൽ കാർഡിനു പുറമേ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി പരിശോധിക്കുക, ബൂത്തിനകത്തു വിഡിയോ റെക്കോർഡിങ് ഉറപ്പാക്കുക തുടങ്ങിയ കോടതി നിർദേശങ്ങൾ ലംഘിക്കപ്പെട്ടതായാണു പരാതി. വിഡിയോ റെക്കോർഡിങ് നടത്താൻ റിട്ടേണിങ് ഓഫിസർ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. 2 ദിവസത്തിനകം കേസ് നടപടികൾ ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ വ്യക്തമാക്കി.