വാർഡ് വിഭജനം: കോർപറേഷനിൽ കരട് പ്രസിദ്ധീകരിച്ചു; ഒരു വാർഡ് കൂടി വരും
Mail This Article
കോഴിക്കോട് ∙ കോർപറേഷനിൽ വാർഡ് വിഭജനം നടത്തിയതിന്റെ കരട് റിപ്പോർട്ട് രാത്രിയോടെ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചു. കോർപറേഷനിൽ വാർഡുകൾ 75ൽനിന്ന് 76 ആയതാണു പ്രധാന മാറ്റങ്ങളിലൊന്ന്. 56–ാം നമ്പർ കപ്പക്കൽ വാർഡിന്റെ പേര് നദീനഗർ എന്നായി. 31–ാം നമ്പർ വാർഡ് ആയി മേത്തോട്ടുതാഴം വന്നിട്ടുമുണ്ട്. പൊറ്റമ്മൽ, കുറ്റിയിൽതാഴം വാർഡുകളിലെ സ്ഥലങ്ങൾ ഉൾപ്പെട്ടതാണ് ഈ പുതിയ പേരിലുള്ള വാർഡ്. 49–ാം നമ്പർ മാറാട് വാർഡിന്റെ പേര് സാഗരസരണി എന്നായി മാറിയപ്പോൾ പഴയ 61–ാം നമ്പർ വലിയങ്ങാടി വാർഡ് അപ്രത്യക്ഷമായി. ഈ വാർഡിലെ സ്ഥലങ്ങൾ കുറ്റിച്ചിറ, പാളയം, മൂന്നാലിങ്ങൽ എന്നീ 3 വാർഡുകളിലേക്കാണ് ചേർത്തിരിക്കുന്നത്.
മാവൂർ റോഡ് എന്ന പേരിലുള്ള പുതിയ വാർഡിൽ പഴയ തിരുത്തിയാട്, എരഞ്ഞിപ്പാലം വാർഡുകളിലെ സ്ഥലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.ഡിലീമിറ്റേഷൻ കമ്മിഷന്റെ വെബ്സൈറ്റിലാണ് കരടു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കോർപറേഷൻ ഓഫിസിൽ കരട് ഇന്ന് ലഭ്യമാകും. വെബ്സൈറ്റ് വിലാസം: https://sec.kerala.gov.in/portal/kc/delimit. 2011ലെ സെൻസസ് ജനസംഖ്യ, മുൻകൂട്ടി നിശ്ചയിച്ച വാർഡുകളുടെ എണ്ണം എന്നിവയാണ് വാർഡുകൾ പുതുക്കി നിശ്ചയിച്ചതിനു പ്രധാന മാനദണ്ഡം. കരടു മാപ്പ് പരിശോധിച്ചു പരാതികൾ രേഖാമൂലം ഡിസംബർ 3നകം നൽകണം.
ഫീൽഡിൽ പോകാതെ നടത്തിയ വിഭജനമെന്ന് കോൺഗ്രസ്
വാർഡുവിഭജനത്തിന് അടിസ്ഥാനമാക്കിയ കാര്യങ്ങളിൽ വൻ അപാകതയുണ്ടെന്ന് കോൺഗ്രസ് നേതൃത്വം. ഓരോ വാർഡിനകത്തും വരേണ്ട വീടുകളുടെ എണ്ണത്തിൽ പലയിടത്തും വലിയ അന്തരമുണ്ട്. 10 ശതമാനം കുറവോ കൂടുതലോ ആകാം. എന്നാൽ പലയിടത്തും 15 ശതമാനത്തിന്റെ വർധനയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഫീൽഡിൽ പോയി നോക്കാതെ സിപിഎം നൽകിയ ലിസ്റ്റുപ്രകാരമാണ് വാർഡുവിഭജനം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതു പലയിടത്തും ബിജെപിക്ക് അനുകൂലമാക്കിയിട്ടുമുണ്ട്. കോൺഗ്രസിനും ലീഗിനും സീറ്റു കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയാണിത് തയാറാക്കിയിരിക്കുന്നത്. റവന്യുരേഖ അടിസ്ഥാനമാക്കി ഇന്നു കൂടുതൽ പരിശോധന നടത്തി പരാതി നൽകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ഓരോ വാർഡിനും 5 പേരടങ്ങിയ ഡീലിമിറ്റേഷൻ കമ്മിറ്റികൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.