കോട്ടമൂഴി പാലം പാർശ്വഭിത്തി തകർന്ന സംഭവം: അന്വേഷണം വേണം; പ്രതിഷേധിച്ച് ജനം
Mail This Article
മുക്കം∙ കാരശ്ശേരി –കൊടിയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരുവഞ്ഞിപ്പുഴയുടെ കൊടിയത്തൂർ കോട്ടമ്മൽ ഭാഗത്ത് നിർമാണത്തിലുള്ള കോട്ടമൂഴി പാലത്തിന്റെ പാർശ്വ ഭിത്തി തകർന്നു പുഴയിൽ പതിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. 4.21 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ തന്നെ തകർന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലം സൈറ്റിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇരുവഞ്ഞിപ്പുഴയിൽ ശക്തമായ ഒഴുക്കോ കനത്ത മഴയോ ഒന്നുമില്ലാത്ത അവസ്ഥയിൽ പാർശ്വ ഭിത്തി തകർന്നു വീണത് നിർമാണത്തിലെ അശാസ്ത്രീയത മൂലമാണെന്നും യുഡിഎഫ് ആരോപിച്ചു. കരാറുകാർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷ വിമർശനമാണ് യുഡിഎഫ് ഉന്നയിച്ചത്.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇനിയുള്ള നിർമാണ പ്രവൃത്തികൾ വിദഗ്ധ സമിതിയുടെ സാന്നിധ്യത്തിലാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.ടി.മൻസൂർ ആധ്യക്ഷ്യം വഹിച്ചു. നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.ജി.മുഹമ്മദ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി എൻ.കെ.അഷ്റഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.സുഫിയാൻ, ടി.ടി.അബ്ദുറഹിമാൻ, എം.എ.അബ്ദുറഹിമാൻ, മജീദ് മൂലത്ത്, എം.എ.കബീർ, നൗഫൽ പുതുക്കുടി, കെ.എം.സി.വഹാബ്, നൗഫൽ പുതുക്കുടി എന്നിവർ പ്രസംഗിച്ചു.
നടപടികൾ സ്വീകരിക്കും: ലിന്റോ ജോസഫ് എംഎൽഎ
മുക്കം∙ കോട്ടമൂഴി പാലത്തിന്റെ പാർശ്വ ഭിത്തി തകർന്ന സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ലിന്റോ ജോസഫ് എംഎൽഎ. സോയിൽ പൈപ്പിങ് നടന്നതാണ് കെട്ട് തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നിർദേശത്തെ തുടർന്ന് സ്ഥലം സന്ദർശിച്ചു. ഡിസൈനിങ് വിങ്ങും എത്തും. അടിയന്തരമായി പുനർ നിർമാണം നടത്തുന്നതിനും നടപടികൾ സ്വീകരിക്കും. നിർമാണ പ്രവൃത്തികൾ വീണ്ടും ഉടനെ ആരംഭിക്കും.
സമഗ്ര അന്വേഷണം വേണം
കൊടിയത്തൂർ∙ നിർമാണത്തിലിരിക്കുന്ന കോട്ടമൂഴി പാലത്തിന്റെ പാർശ്വ ഭിത്തികൾ തകർന്ന് പുഴയിൽ വീണതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, എന്നിവർ ആവശ്യപ്പെട്ടു. പാർശ്വ ഭിത്തി തകർന്ന സ്ഥലം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. രാത്രി ആയതിനാലും തൊഴിലാളികൾ സ്ഥലത്ത് ഇല്ലാത്തതിനാലുമാണ് വൻ ദുരന്തം ഒഴിവായതെന്നും അധികൃതർ പറഞ്ഞു. നാലര കോടിയോളം രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവൃത്തി നടക്കുന്ന സൈറ്റിൽ ആവശ്യമായ ഉദ്യോഗസ്ഥർ ഉണ്ടാകാറില്ലെന്നും പഞ്ചായത്ത് അധികൃതർ ആരോപിച്ചു. പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, പഞ്ചായത്ത് അംഗങ്ങളായ യു.പി.മമ്മദ്, മജീദ് രിഹ്‌ല, എന്നിവരും സ്ഥലം സന്ദർശിച്ചു.