രുചിച്ച് നോക്കിയ ശേഷം ഐസ്ക്രീം പാക്കിങ്: വിഡിയോ വൈറൽ; നിർമാണ യൂണിറ്റ് പൂട്ടിച്ച് പൊലീസ്
Mail This Article
കോഴിക്കോട്∙ രുചിച്ച് നോക്കിയ ശേഷം ഐസ്ക്രീം പാക്കിങ് നടത്തിയ നിർമാണ യൂണിറ്റ് പൂട്ടിച്ച് പൊലീസ്. നടത്തിപ്പുകാരൻ ഐസ് രുചിച്ചു നോക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോഴിക്കോട് എളേറ്റിൽ വട്ടോളി - ഇയ്യാട് റോഡിൽ പ്രവർത്തിക്കുന്ന ‘ഐസ് - മി’ എന്ന ഐസ് നിർമാണ യൂണിറ്റ് ആണ് പൂട്ടിയത്. ഐസ് വാങ്ങാൻ സ്ഥാപനത്തിൽ എത്തിയ ആളാണ് ദൃശ്യങ്ങൾ പകർത്തിയത്. നാട്ടുകാർ പരാതി ഉയർത്തിയതോടെ പൊലീസ് എത്തി യൂണിറ്റ് പൂട്ടി. യൂണിറ്റിന്റെ ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു.
വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ തുടർ നടപടി ഭയന്ന് രാത്രിയിൽ കാറിൽ സാധനങ്ങൾ മാറ്റാൻ ശ്രമിച്ചയാളെ നാട്ടുകാർ ഇടപെട്ട് കൊടുവള്ളി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി കുട്ടികൾക്ക് വേണ്ടി ഐസ് വാങ്ങാൻ എത്തിയ മങ്ങാട് സ്വദേശി സജിത്താണ് വിഡിയോ പകർത്തിയത്.
അതിനിടെ, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗം തെരുവോര കടകളിൽ പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പഴകിയ ഐസ് ഉൾപ്പെടെ പിടികൂടി നശിപ്പിച്ചിരുന്നു. ഉപയോഗ ശൂന്യമായ റഫ്രിജറേറ്ററിൽ സൂക്ഷിച്ച സാധനങ്ങളും എടുത്തുമാറ്റി. കോഴിക്കോട് കടപ്പുറത്ത് കച്ചവടം നടത്തുന്ന കടകളിലും പരിശോധന നടത്തിയിരുന്നു.