കലോത്സവത്തിന് തിരിതെളിഞ്ഞു
Mail This Article
കോഴിക്കോട് ∙ കലോത്സവവേദിയിൽ ഓരോ കുട്ടിയും മത്സരിക്കേണ്ടതു തന്നോടു തന്നെയാണെന്നു സാഹിത്യകാരൻ ബെന്യാമിൻ. യുനെസ്കോ സാഹിത്യനഗരമായ കോഴിക്കോട്ട് വിരുന്നെത്തിയ ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ തവണയും മികച്ച രീതിയിൽ കഥയെഴുതി സ്വയം തൃപ്തിപ്പെടുത്താൻ കഴിയുന്നതിനെയാണു താൻ വിലമതിക്കുന്നത്. ഒരു വിധികർത്താവും ഒരു കുട്ടിയെയും തോൽപിക്കാനായല്ല വരുന്നത്. പലപ്പോഴും മത്സരം രക്ഷിതാക്കൾ തമ്മിലാണ് നടക്കുന്നത്.
കുട്ടികൾക്കു പഠനം മാത്രം മതിയെന്നും കലയും കായികവും വേണ്ടെന്നും ചിന്തിക്കുന്നവർ ഇന്നുമുണ്ടെന്നത് അമ്പരപ്പിക്കുന്നതാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിന് ഇതൊക്കെ അത്യാവശ്യമാണ്. ഒരു പരീക്ഷയിൽ തോറ്റാൽ ജീവിതം അവസാനിച്ചുവെന്നു കുട്ടികൾ കരുതുന്നത് ഇത്തരവം വികാസം സംഭവിക്കാത്തതു കൊണ്ടാണ്. മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ്് പി.ഗവാസ്, കോർപറേഷൻ സ്ഥിരംസമിതി അംഗം സി.രേഖ, ഡിഡിഇ മനോജ് മണിയൂർ, ഡിപിഒ എ.കെ.അബ്ദുൽ ഹക്കീം, ഹയർസെക്കൻഡറി ആർഡിഡി എം.സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ കലോത്സവത്തിന് ഡിഡിഇ പതാക ഉയർത്തി. കൺവീനർ കെ.സുധിന അധ്യക്ഷയായിരുന്നു. കലോത്സവ സ്വാഗത ഗാനത്തിന് ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപികമാരുടെ നേതൃത്വത്തിൽ നൃത്താവിഷ്കാരവും അവതരിപ്പിച്ചു. മനോജ് മണിയൂരാണ് സ്വാഗതഗാനം എഴുതിയത്.