ADVERTISEMENT

വടകര∙ ആദ്യമായി അരങ്ങിൽ എത്തിയ 1980  മുതൽ ആസ്വാദകരെ വിസ്മയിപ്പിച്ച നിർവാണം നാടകവുമായി അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ  ഒത്തുചേർന്ന് ഓർമ പുതുക്കുന്നു. നാടക രചന നിർവഹിച്ച തയ്യുള്ളതിൽ രാജന്റെ സർഗ ജീവിതം അമ്പതാണ്ട് പിന്നിടുമ്പോഴാണ് ഈ ഒത്തുചേരൽ. ആദ്യാവതരണം നടന്ന്  4 പതിറ്റാണ്ട് പിന്നിടുമ്പോൾ നിർവാണം നാടകം ആറു ഭാഷകളിലേക്കാണ് മൊഴിമാറ്റം നടത്തുന്നത്.

നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ 23 ന് മൂന്നിന് ടൗൺഹാളിൽ ഒത്തു ചേർന്ന് ഓർമകൾ പങ്കുവയ്ക്കും.നാടകത്തിന്റെ സംസ്കൃത പരിഭാഷയിൽ വേഷമിട്ട സംവിധായകൻ മനോജ് നാരായണന്റെ അധ്യക്ഷതയി‍ൽ നടക്കുന്ന നിർവാണം ഓർമ എന്ന പരിപാടി ഗായകൻ വി.ടി.മുരളി ഉദ്ഘാടനം ചെയ്യും. നാടകത്തിന് ഒപ്പം നടന്ന പ്രഫ. എം.ചന്ദ്രൻ, രാജൻ സി.കണ്ണൂക്കര, ടി.പി.അച്യുതൻ, റൂബി, ഡോ.ഹേന, കെ.എ.മനാഫ്, സത്യൻ കാവിൽ, സുരേഷ്ബാബു കാവിൽ, സുനിൽ കാവുംഭാഗം, കല ദാസ്, രാജേന്ദ്രൻ എടത്തുംകര എന്നിവർ അനുഭവം പങ്കുവയ്ക്കും.

ഷഡ്ഭാഷ പതിപ്പിന്റ പ്രകാശന ചടങ്ങ്  കന്നട നാടക കൃത്തും നടനും സംവിധായകനുമായ പ്രഫ. എച്ച്.എസ്.ഉമേഷ് ഉദ്ഘാടനം ചെയ്യും. നിർവാണം നാടകത്തിന്റെ ആദ്യാവതരണത്തിൽ സിദ്ധാർഥനായി വേഷമിട്ട ടി.പി.അച്യുതന് ആദ്യ പ്രതി നൽകി അഭിനേത്രി ഇന്ദിര നായർ പ്രകാശനം നിർവഹിക്കും. നാടക പ്രവർത്തകൻ ജയൻ ശിവപുരം പ്രഭാഷണം നടത്തും. ഡോ.ഹേന ( ഹിന്ദി ), ഡോ.നാദാ ഷെട്ടി ( കന്നഡ ), ഡോ.ടി.എം.രഘുറാം ( തമിഴ് ), അമ്മിണി വർഗീസ് ( സംസ്കൃതം ), കെ.പി.സുനിൽകുമാർ ( ഇംഗ്ലിഷ് ) എന്നിവരാണ് വിവിധ പതിപ്പുകളുടെ പരിഭാഷ നിർവഹിച്ചത്. രോഗം, മരണം, വാർധക്യം എന്നിവയ്ക്ക് പരിഹാരം തേടി അലഞ്ഞ സിദ്ധാർഥ ഗൗതമൻ നാടകകൃത്തുക്കൾക്ക് ഒരു വെല്ലുവിളിയും ഉരകല്ലുമാണെന്ന നാടകാചാര്യൻ പ്രഫ. ജി.ശങ്കരപ്പിള്ളിയുടെ വാക്കുകളിൽ നിന്ന് പ്രചേദനം ഉൾക്കൊണ്ടാണ് തയ്യുള്ളതിൽ രാജൻ നിർവാണം എന്ന നാടകം രചിക്കുന്നത്. നിരവധി അവാർഡുകൾ നേടിയ നാടകം യുവജനോത്സവ വേദികളിൽ സ്ഥിരമായി അവതരിപ്പിച്ചിരുന്നതായി സംഘാടകസമിതി ചെയർമാൻ  ടി.കെ.വിജയരാഘവൻ, ജനറൽ കൺവീനർ കെ.പി.സുനിൽകുമാർ എന്നിവർ അറിയിച്ചു. ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന്  സീനിയർ സൂപ്രണ്ടായി വിരമിച്ച തയ്യുള്ളതിൽ രാജൻ നാടക കൃത്തിന്  പുറമേ  നടനും സംവിധായകനുമാണ്. 15 ഓളം നാടകങ്ങൾ എഴുതുകയുണ്ടായി. ഭാസുര കലാകേന്ദ്രം, ജയകേരള കലാവേദി, യുവകലാസാഹിതി, നന്മ, സാഹിത്യവേദി, കളിക്കളം, ഇപ്റ്റ എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവം.

English Summary:

This event commemorates the 50th anniversary of playwright Thayyullathil Rajan's career with a special reunion for his acclaimed play "Nirvanam". The event features a gathering of the original cast and crew, sharing their experiences and memories. It also marks the release of a six-language edition of the play, making it accessible to a wider audience. This event is not just a celebration of a play, but a tribute to the enduring power of theatre and the legacy of a dedicated artist.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com