കൊടുവള്ളിക്ക് കെണിയായി തെരുവുനായ ശല്യം
Mail This Article
കൊടുവള്ളി∙ ടൗണിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. രാത്രിയാണ് തെരുവു നായ്ക്കൾ കൂട്ടമായെത്തി ജനത്തിരക്കേറിയ ടൗണിന്റെ പല ഭാഗങ്ങളിലും കറങ്ങി നടക്കുന്നത്. മാർക്കറ്റ് റോഡിലെ വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്ത് നായ്ക്കളുടെ ശല്യം വർധിച്ചത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ഭീഷണിയാണ്. മത്സ്യ മാർക്കറ്റിന്റെ പരിസരത്താണ് നായ്ക്കൾ പ്രധാനമായും തമ്പടിക്കുന്നത്.
തൊട്ടടുത്തുള്ള മാർക്കറ്റ് പള്ളിക്കടുത്തും തെരുവുനായ്ക്കൾ എത്തുന്നുണ്ട്. ഇവ പള്ളി കെട്ടിടത്തിലേക്ക് കയറാതിരിക്കാൻ വല കെട്ടിയെങ്കിലും അതെല്ലാം ഭേദിച്ചാണ് എത്തുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരും സ്കൂൾ വിദ്യാർഥികളും ഭയത്തോടെയാണ് ഇതിലൂടെ പോകുന്നത്. സമീപത്തെ വീടുകളിലേക്കും നായ്ക്കളെത്തുന്നുണ്ട്.
മത്സ്യത്തിന്റെയും അറവുമാലിന്യങ്ങളുടെയും അവശിഷ്ടങ്ങൾ പരതിയാണ് മാർക്കറ്റിൽ നായ്ക്കൾ അലഞ്ഞുതിരിയുന്നത്. മാലിന്യങ്ങൾ കൂട്ടിയിട്ട ഭാഗങ്ങളിലും നായ്ക്കൾ രാത്രി കാലങ്ങളിൽ കൂട്ടമായെത്തി പരസ്പരം ഏറ്റുമുട്ടുന്നതും പതിവാണെന്നു വ്യാപാരികൾ പറയുന്നു. കൊടുവള്ളി ടൗണിന്റെ പല ഭാഗങ്ങളിലും തെരുവു വിളക്കുകൾ കത്താത്തതും യാത്രക്കാർക്ക് ദുരിതമാകുകയാണ്.