അഴിത്തല: ഉദ്ഘാടനം കഴിഞ്ഞ് 4 വർഷം; ഇനിയും തുറക്കാതെ ഫിഷ് ലാൻഡിങ് സെന്റർ
Mail This Article
വടകര∙ തിരക്കിട്ട് ഉദ്ഘാടനം നടത്തി 4 വർഷമായിട്ടും അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ കമ്മിഷൻ ചെയ്തില്ല. ഇതു കാരണം സെന്റർ വഴി കിട്ടേണ്ട വരുമാനം നഗരസഭയ്ക്ക് നഷ്ടം. വള്ളത്തിൽ മീൻ കൊണ്ടു വന്ന് ലോഡ് ചെയ്തു കൊണ്ടു പോകാൻ ചില്ലിക്കാശു പോലും കൊടുക്കേണ്ടെന്ന കാരണത്താൽ ചോമ്പാൽ ഹാർബറിലും മറ്റുമുള്ള വള്ളങ്ങൾ അഴിത്തലയിലേക്ക് വരികയാണ്.
ചെറിയ ഫിഷ് ലാൻഡിങ് സെന്ററിന് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ വള്ളങ്ങൾ എത്തുന്നതു കൊണ്ട് മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.പരമ്പരാഗതമായി ഇവിടെ വള്ളം അടുപ്പിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലാണ് മറ്റു പലയിടങ്ങളിൽ നിന്നുള്ള വള്ളങ്ങളുടെ വരവ് എന്നാണ് പരാതി. മീനിന്റെ അവശിഷ്ടവും ഐസ് കഷണങ്ങളും വീണു കിടക്കുന്ന യാഡ് വൃത്തിയാക്കാൻ കഴിയുന്നില്ല.
ഇവിടെ ജല അതോറിറ്റിയുടെ പൈപ്പ് കണക്‌ഷൻ മാത്രമേയുള്ളൂ. ഇതിലെ വെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതു കൊണ്ട് കുഴൽക്കിണർ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.മത്സ്യത്തൊഴിലാളികൾക്ക് മുറികൾ, ലേലപ്പുര, ശുചിമുറികൾ, ക്ലോക്ക് റൂം, വൈദ്യുതി വിളക്കുകൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തേണ്ടതുണ്ട്.
ഇതിനിടയിലാണ് സൗകര്യങ്ങളൊന്നുമില്ലാതെ 2020 നവംബറിൽ ഉദ്ഘാടനം നടത്തിയത്. നിലവിൽ 70 ലക്ഷത്തോളം രൂപയുടെ വികസനം സെന്ററിൽ നടത്തിയിരുന്നു. കൂടുതൽ സൗകര്യങ്ങൾക്കായി യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ഒരു കോടി 70 ലക്ഷം രൂപയുടെ ബൃഹത്തായ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ പിന്നീട് ഈ ഫയൽ എങ്ങുമെത്തിയില്ല. ഇതോടെ നഗരസഭ പ്രദേശത്ത് മികച്ച സൗകര്യമുള്ള ഫിഷ് ലാൻഡിങ് സെന്റർ എന്ന പദ്ധതി മുടങ്ങി.