കനകച്ചിലങ്കയണിഞ്ഞു; ഉള്ളിൽ കനലെരിയുന്നു
Mail This Article
കോഴിക്കോട്∙ അഭിജിത്ത് ഓരോ ചുവടുവയ്ക്കുമ്പോഴും അമ്മ പ്രാർഥനയിലാണ്. ചുവടൊന്നു പിഴച്ചാൽ ജീവിതത്തിന്റെ താളം തെറ്റിക്കും. വാടകവീട്ടിൽ ദുരിതങ്ങളുടെ വിങ്ങലുകൾക്കിടയിൽ അവരുടെ ഏകപിടിവള്ളിയാണ് അഭിജിത്തിന്റെ കല. കൂരാച്ചുണ്ട് സെന്റ്തോമസ് എച്ച്എസ്സിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ പി.എസ്.അഭിജിത് എച്ച്എസ് കുച്ചിപ്പുഡിയിലാണ് ഒന്നാംസ്ഥാനം നേടിയത്. കൂരാച്ചുണ്ട് കണിയംപാറ പുതിയപറമ്പിൽ ബിന്ദുവിന്റെ മകനാണ് അഭിജിത്ത്.
ഉണ്ടായിരുന്ന വീട് ചോർന്നൊലിച്ചു വീഴുമെന്ന ഘട്ടമെത്തിയതോടെ താഴെ പൂവത്തുംചോലയിലെ വാടകവീട്ടിലേക്കു മാറി. ബിന്ദു ഹോംനഴ്സായി ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. തകർച്ചയിലായ വീട് പുതുക്കിപ്പണിയാൻ പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ബിന്ദുവും അഭിജിത്തും.
കൂരാച്ചുണ്ട് നടനശ്രീ ആർട്സ് അക്കാദമിയിലെ സാജിത രാജീവാണ് അഭിജിത്തിനെ നൃത്തം പഠിപ്പിക്കുന്നത്. പലപ്പോഴും ഫീസ് കൊടുക്കാൻ പോലും കഴിയാറില്ല. സാജിതയുടെയും സ്കൂളിലെ അധ്യാപകരുടെയുമൊക്കെ സഹായത്തോടെയാണ് അഭിജിത്ത് കലോത്സവവേദിയിൽ എത്തിയത്. സാജിതയുടെ സുഹൃത്തുക്കളാണ് പണം വാങ്ങാതെ മേക്കപ്പ് ചെയ്തു കൊടുത്തത്. അഭിജിത്ത് കഴിഞ്ഞ വർഷം കുച്ചിപ്പുഡിയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണ ജില്ലാ കലോത്സവത്തിൽ നാടോടിനൃത്തത്തിലും ഭരതനാട്യത്തിലും മത്സരിക്കുന്നുണ്ട്.