ആവശ്യത്തിന് ഫണ്ടില്ല; ജില്ലാ പഞ്ചായത്ത് പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നു
Mail This Article
കോഴിക്കോട് ∙ഫണ്ടിന്റെ കുറവിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നു. 68 എണ്ണമാണ് മാറ്റത്തിനായി പരിഗണിക്കുന്നത്. ഏതൊക്കെ പദ്ധതികളാണ് ഒഴിവാക്കേണ്ടി വരികയെന്ന കാര്യത്തിൽ വിവിധ സ്ഥിരം സമിതികളുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയാണ്. ഡിവിഷനുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഒഴിവാക്കേണ്ടി വരുന്ന സാഹചര്യമാണ്. ചെയ്ത പ്രവൃത്തികളുടെ തുക ലഭിക്കാൻ കരാറുകാർ ഓഫിസ് കയറി ഇറങ്ങുകയാണെന്നും ഫണ്ട് ഇല്ലാത്തത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പന്നൂർ സ്കൂളിന് അനുവദിച്ച ഫണ്ട് പൂനൂർ സ്കൂളിന്റെ പേരിലാണ് വന്നതെന്നും ഇനിയെങ്കിലും അതു അടിയന്തരമായി മാറ്റണമെന്നും ടി.പി.എം.ഷറഫുന്നീസ ആവശ്യപ്പെട്ടു. അതു തെറ്റായി രേഖപ്പെടുത്തിയതാണെന്നും മാറ്റുമെന്നും സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ പറഞ്ഞു.
കോക്കല്ലൂർ സ്കൂളിന്റെ ഹാളിൽ മേൽക്കൂര പൊട്ടി വീണ് പല തവണ കുട്ടികൾക്കു പരുക്കേറ്റിട്ടുണ്ടെന്നും അതിനാൽ അടിയന്തരമായി 5 ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നും പി.പി.പ്രേമ ആവശ്യപ്പെട്ടു. ഡിവിഷന് അനുവദിച്ച ഫണ്ട് മാറ്റേണ്ടി വരുമെന്നും പുതുതായി വയ്ക്കാൻ തുക ഇല്ലെന്നും പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. ജില്ലാ പഞ്ചായത്തിനു കീഴിലെ സ്കൂളുകളിൽ കംപ്യൂട്ടർ, ലാപ് ടോപ്പ് എന്നിവ ഇല്ലെന്നും പലയിടത്തും കാലപ്പഴക്കം ചെന്ന ലാപ്ടോപ്പുകൾ നന്നാക്കി ഉപയോഗിക്കുകയാണെന്നും അംഗങ്ങൾ പറഞ്ഞു.
നേരത്തെ എസ്എസ്കെ കംപ്യൂട്ടർ നൽകിയിരുന്നു. അതിനാൽ ജില്ലാ പഞ്ചായത്തിനു കൊടുക്കാൻ പറ്റിയിരുന്നില്ല. ഇപ്പോൾ എസ്എസ്കെ നൽകുന്നില്ലെന്നു രാജീവ് പെരുമൺപുറ പറഞ്ഞു. പല സ്കൂളുകളിലും സൗകര്യം കുറവായതിനാൽ ടിസി വാങ്ങി പോകുമെന്ന് രക്ഷിതാക്കൾ പറയുന്നതായി സ്ഥിരം സമിതി അധ്യക്ഷ നിഷ പുത്തൻപുരയിൽ പറഞ്ഞു. പെരുവയൽ പഞ്ചായത്തിലെ വനിത തൊഴിൽ പരിശീലന കേന്ദ്രത്തിനു പട്ടികജാതി വിഭാഗത്തിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാൻ പറ്റാത്തതിനാൽ ജനറൽ വിഭാഗത്തിൽ ഫണ്ട് അനുവദിക്കണമെന്ന് എം.ധനീഷ് ലാൽ ആവശ്യപ്പെട്ടു. ഫണ്ട് ഇല്ലാത്തതിനാൽ പറ്റില്ലെന്നു പ്രസിഡന്റ് മറുപടി നൽകി. പദ്ധതി അംഗീകരിച്ചിട്ടും പെരുമണ്ണയിലെ വെൽനെസ് സെന്ററിനു ഫണ്ട് ലഭിച്ചില്ലെന്നു രാജീവ് പെരുമൺപുറ പറഞ്ഞു.
വട്ടച്ചിറ ജലപദ്ധതി ഒഴിവാക്കുന്നു
കോടഞ്ചേരി നൂറാംതോട് വട്ടച്ചിറ ജലപദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. തുഷാരഗിരി പുഴയിൽ തടയണ നിർമിക്കാൻ വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി ഒഴിവാക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. 300 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതാണ് പദ്ധതി. നൂറാംതോട്ടിൽ പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ട കുളമുണ്ടെന്നും ഇതു ജലപദ്ധതിക്കായി ഉപയോഗിക്കാമെന്നും ഫണ്ട് ഒഴിവാക്കരുതെന്നും അംഗം അംബിക മംഗലത്ത് ആവശ്യപ്പെട്ടു.