ADVERTISEMENT

മലപ്പുറം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വൻവിജയം ജില്ലയിലെ യുഡിഎഫ് ക്യാംപിനു ആവേശമായി. ആഹ്ലാദ പ്രകടനം നടത്തിയും പടക്കം പൊട്ടിച്ചും ലഡുവും പായസവും വിതരണം ചെയ്തും പ്രവർത്തകർ വിജയം തെരുവിൽ ആഘോഷിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രകടനം നടത്തി. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന ജില്ലാ സൗഹൃദ സംഗമം തുടങ്ങിയതിനു പിന്നാലെയുണ്ടായ വൻ വിജയം പര്യടനത്തിനു പുതിയ ഊർജം പകരുമെന്ന പ്രതീക്ഷയിലാണ് ലീഗ്.

ഇന്നലെ കണ്ണൂരിലെ സംഗമ വേദിയിൽ പ്രവർത്തകരുടെ ആവേശം പ്രകടമായിരുന്നു. തൃക്കാക്കരയിലെ ഉമ തോമസിന്റെ വിജയത്തിൽ മലപ്പുറം ജില്ലയുടെ പങ്ക് എടുത്തു പറഞ്ഞായിരുന്നു നേതാക്കളുടെ വിജയാഹ്ലാദം. എ.പി.അനിൽ കുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, മുൻ ഡിസിസി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, നേതാക്കളായ സക്കീർ പുല്ലാര, ജി.മധുസൂദനൻ, നസറുല്ല, പി,.സി.എ.നൂർ എന്നിവർ മണ്ഡലത്തിൽ രണ്ടാഴ്ചയിലേറെ താമസിച്ചാണു  പ്രചാരണത്തിൽ പങ്കാളികളായത്.

ജില്ലയിലെ മുസ്‍ലിം ലീഗ് എംഎൽഎമാരും നേതാക്കളും തൃക്കാക്കരയിൽ സജീവമായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ വിജയത്തിനു ശേഷം യുഡിഎഫ് ക്യാംപിന് ആഘോഷിക്കാൻ ലഭിച്ച ആദ്യത്തെ അവസരമായിരുന്നു ഇന്നലത്തെ തൃക്കാക്കര നേട്ടം. അതു അവർ ആഘോഷമാക്കി.

മലപ്പുറം നഗരത്തിൽ നടന്ന പ്രകടനത്തിനു ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, മുൻ കെപിസിസി ജനറൽ സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി, സക്കീർ പുല്ലാര, പിസി വേലായുധൻ കുട്ടി , ശശി മങ്കട, ഹാരിസ് ബാബു ചാലിയാർ, എം കെ മുഹസിൻ, ഹാരിസ് ആമിയൻ, പി കെ.ബാവ, ഷാജി പച്ചേരി,പി.കെ സക്കീർ ഹുസൈൻ, വിഎസ്എൻ നമ്പൂതിരി, സത്യൻ പൂക്കോട്ടൂർ, ഖാദർ മേൽമുറി തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് ലീഗ് പച്ച ലഡു വിതരണം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com