ADVERTISEMENT

കോട്ടയ്ക്കൽ∙ വിദ്യാർഥിയായിരിക്കെ സ്കൂളിലേക്കുള്ള യാത്രയിൽ, ഡ്രൈവർ ബസ് ഓടിക്കുന്നത് ജുമൈല പതിവായി ശ്രദ്ധിക്കുമായിരുന്നു. സ്റ്റിയറിങ് പിടിത്തം, ഗിയർ മാറ്റൽ, ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററും ചവിട്ടൽ എന്നിവയൊക്കെ കണ്ടു മനസ്സിലാക്കി. അന്നു മൊ‌ട്ടിട്ടതാണ് വളയം പിടിക്കണമെന്ന മോഹം. വിവാഹശേഷം കാർ ഓടിച്ചുതുടങ്ങിയതു മുതലാണ് ഹെവി വെഹിക്കിൾ ഓടിക്കണമെന്ന ആഗ്രഹമുണ്ടായത്. അതും നിറവേറ്റിയ ആഹ്ലാദത്തിലാണിപ്പോൾ ജുമൈല. മോട്ടർ വാഹന വകുപ്പിൽനിന്ന് ഹെവി ലൈസൻസ് സ്വന്തമാക്കിയപ്പോൾ ‘ഹെവി ലൈസൻസുള്ള ജില്ലയിലെ ആദ്യ വനിത’ എന്ന ബഹുമതിയാണ് ജുമൈലയെ തേടിയെത്തിയത്.

മാറാക്കര മരുതൻചിറയിലെ ഓണത്തുകാട്ടിൽ ഹാരിസിന്റെ ഭാര്യയാണ് മുപ്പത്തൊൻപതുകാരിയായ ജുമൈല. 2009ൽ ഫോർ വീലർ ലൈസൻസ് നേടിയാണ് ജുമൈല വീട്ടിലെ കാർ ഓടിച്ചുതുടങ്ങിയത്. മാറാക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വൊളന്റിയറായി ജോലി  തുടങ്ങിയതോടെ വാഹനത്തിൽ ‍ഡ്രൈവർ ഇല്ലാത്ത സമയങ്ങളിൽ അതിന്റെ ഡ്രൈവറായി. ഡലീഷ്യ എന്ന യുവതി ടാങ്കർ ലോറി ഓടിക്കുന്നതു സമൂഹമാധ്യമം വഴി അറിഞ്ഞതു മുതൽ തുടങ്ങിയതാണ് ഹെവി ലൈസൻസ് സ്വന്തമാക്കണമെന്ന ആഗ്രഹം.

ഡ്രൈവറായ ഭർത്താവും മക്കളും പിന്തുണച്ചതോടെ ചങ്കുവെട്ടിയിലെ ഡ്രൈവിങ് സ്കൂളിലെ ബസിൽ ഒരു ദിവസം പരിശീലനം നടത്തി. തുടർന്ന് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ഹെവി ലൈസൻസും സ്വന്തമാക്കി. ഇപ്പോൾ ലോറിയടക്കം ജുമൈല ഓ‌‌ടിക്കും. ഡ്രൈവിങ് ലൈസൻസ് ലഭിച്ച വനിതകൾക്ക് പൂർണതോതിൽ വാഹനം ഓടിക്കാൻ പരിശീലിപ്പിക്കുകയാണിപ്പോൾ ജുമൈല.  ഇനി ടാങ്കർ ലോറി ഓടിക്കുന്നതിനു ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ്. ഫാത്തിമ റിൻഷ, ഫാത്തിമ ഗസൽ, അയിഷ എന്നിവരാണ് ജുമൈലയുടെ മക്കൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com