കോഴിക്കരുതലിൽ പൂച്ചക്കുഞ്ഞുങ്ങൾക്ക് പരമസുഖം; കോഴിമുട്ടയ്ക്ക് പൂച്ചയുടെ സംരക്ഷണവും!
Mail This Article
തേഞ്ഞിപ്പലം ∙ പൂച്ചയും കോഴിയും സൗഹൃദത്തിലായതോടെ പൂച്ചക്കുഞ്ഞുങ്ങൾക്ക് സദാ സ്നേഹത്തണൽ. പെരുവള്ളൂർ കാടപ്പടി സിദിഖാബാദ് പാമങ്ങാടൻ റഫീഖിന്റെ വീട്ടിലെ നാടൻ കോഴിയും വിരുന്നെത്തിയ പൂച്ചയുമാണ് 5 ദിവസമായി ഒരുമയിൽ കഴിയുന്നത്.കോഴി പതിവായി മുട്ടയിടുന്ന സ്ഥലത്ത് പൂച്ച 4 കുഞ്ഞുങ്ങളെ പ്രസവിക്കുകയായിരുന്നു. തന്റെ താവളം കയ്യേറിയ പൂച്ചയ്ക്കെതിരെ കോഴി ആദ്യം കലപില കൂട്ടിയെങ്കിലും പതിയെ ശാന്തയായി.
പൂച്ചയ്ക്കും കുഞ്ഞുങ്ങൾക്കും അരികെ തന്നെ കോഴി തുടർന്നും മുട്ടയിട്ടു. തള്ളപ്പൂച്ച ഇര തേടി ഇറങ്ങിയാൽ പൂച്ചുക്കുഞ്ഞുങ്ങളെ തന്റെ ചിറകുകൾക്ക് അടിയിലൊതുക്കി സംരക്ഷിക്കുന്ന ഉത്തരവാദിത്തം പിന്നെ കോഴി ഏറ്റെടുത്തു. കോഴി സ്ഥലത്തില്ലാത്തപ്പോൾ കോഴിമുട്ട കാലിനടിയിൽ ഒതുക്കി സംരക്ഷിക്കുന്ന ജോലി പൂച്ചയും നിർവഹിക്കുന്നു.
കോഴിയുമായുള്ള പൂച്ചയുടെ സൗഹൃദത്തിൽ ആദ്യം ചതി സംശയിച്ചിരുന്നെങ്കിലും വല്ലാത്തൊരു മനപ്പൊരുത്തമാണ് അവയുടേതെന്ന് വൈകാതെ വീട്ടുകാർക്ക് ബോധ്യപ്പെടുകയായിരുന്നു.മുൻപ് പ്രാവിനെയും കോഴിയെയും പിടിക്കാൻ ശ്രമിച്ചതിന് ഓടിച്ചു വിട്ട പൂച്ചയാണ് ഇതെന്ന് റഫീഖ് പറഞ്ഞു.