ADVERTISEMENT

നിലമ്പൂർ ∙ കോഴിക്കോട്ടെ പ്രവാസി വ്യവസായി ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി എന്നിവർ അബുദാബിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. രാജ്യത്തിന് പുറത്തു നടത്തിയ കുറ്റകൃത്യം അന്വേഷിക്കുന്നതിൽ കേരള പൊലീസിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടി ഹാരിസിന്റെ മാതാവാണ് കോടതിയെ സമീപിച്ചത്. ഓണാവധി കഴിഞ്ഞ് ഹർജി പരിഗണിക്കും.

2020 മേയ് 5ന് ആണ് ഇരുവരും കൊല്ലപ്പെട്ടത്. ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിന് ഒരുക്കം പൂർത്തിയായി. ചാലക്കുടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ച മൃതദേഹം തഹസിൽദാരുടെ സാന്നിധ്യത്തിൽ നാളെ 9ന് പുറത്തെടുക്കും. തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച് ഫൊറൻസിക് മേധാവിയുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തും. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം തെളിവെടുപ്പ് നടത്തും.

പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ തെളിവെടുപ്പിനിടെയാണ് കുറ്റകൃത്യത്തിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ മുഖ്യപ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ നിർദേശപ്രകാരമാണ് ഇരട്ടക്കൊലപാതകം നടത്തിയതെന്ന് കൂട്ടുപ്രതികൾ മൊഴി നൽകി.കേസുമായി ബന്ധപ്പെട്ട് ഹാരിസിന്റെ ഭാര്യയും ഷൈബിനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ തെളിവായി പൊലീസിന് കിട്ടിയിട്ടുണ്ട്. വിദേശത്തുള്ള ഇവരെ കേസിൽ പ്രതിയാക്കുമെന്ന് ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിനിടെ അബുദാബിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസ് നീക്കം തുടങ്ങി. നടപടികൾക്ക്‌ സംസ്ഥാന പൊലീസ് മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകും. സിബിഐ വഴി അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കത്ത് കൈമാറും. ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് അബുദാബിക്ക് പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com