ADVERTISEMENT

തേഞ്ഞിപ്പലം ∙ ഡിഗ്രി, പിജി കോഴ്സുകളിൽ സീറ്റ് വർധനയ്ക്ക് സർക്കാർ അനുമതി നൽകിയെങ്കിലും കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള ഭൂരിപക്ഷം ഗവ.കോളജുകളും മുഖംതിരിച്ചതിനാൽ 7,000 വിദ്യാർഥികൾക്ക് ഉപരിപഠനാവസരം നഷ്ടപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടർന്ന് 2020–21, 2021–22 വർഷങ്ങളിൽ സീറ്റ് വർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഇത് ഈ അധ്യയന വർഷവും തുടരാൻ‌ അനുമതി നൽകി. സീറ്റുകൾ വർധിപ്പിച്ച് അലോട്മെന്റിൽ ഉൾപ്പെടുത്തി വിദ്യാർഥി പ്രവേശനം നൽകണമെന്നായിരുന്നു സർക്കാർ ഉത്തരവ്. 

നിലവിലുള്ള സൗകര്യം വിനിയോഗിച്ച് പരമാവധി വിദ്യാർഥികൾക്ക് സൗകര്യം നൽകാൻ സീറ്റ് വർധന നടപ്പാക്കണമെന്നായിരുന്നു സർക്കാർ നിർദേശം എന്നാൽ, ക്ലാസ് മുറികൾക്ക് കൂടുതൽ കുട്ടികളെ ഇരുത്താൻ ആവശ്യമായ വലുപ്പമില്ലെന്നും മറ്റും കാണിച്ച് ഭൂരിപക്ഷം ഗവ. കോളജുകളും സർക്കാർ നിർദേശം തള്ളുകയായിരുന്നു. കോളജ് പ്രിൻസിപ്പൽമാർ‌ അപേക്ഷ നൽകാത്തതിനാൽ യൂണിവേഴ്സിറ്റിക്ക് ഇക്കാര്യത്തിൽ‌ വിശേഷിച്ച് ഒന്നും ചെയ്യാനും കഴിഞ്ഞില്ല. അതേസമയം ഭൂരിപക്ഷം എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളും സർക്കാർ ഉത്തരവ് നടപ്പാക്കി. 

സർക്കാർ നിർദേശം ഇങ്ങനെ: 

∙ ഡിഗ്രി– പരമാവധി 70 സീറ്റുകൾ എന്ന പരിധിക്ക് വിധേയമായി വർധന നൽകാം.
∙ പിജി– സയൻസിന്– 25, ആർട്സ്, കൊമേഴ്സ് വിഷയങ്ങൾക്ക് പരമാവധി– 30 എന്ന സീറ്റ്  പരിധിക്ക് വിധേയമായി വർധന വരുത്താം.
∙ ഏതെങ്കിലും കോഴ്സുകൾക്ക് കൂടുതൽ സീറ്റുകൾ നിലവിലുണ്ടെങ്കിൽ തുടരാം. അധിക സീറ്റ് വേണോ എന്ന് കോളജുകൾക്ക് തീരുമാനിക്കാം.
∙ കോളജുകളിലെ സൗകര്യം, നിലവിലുള്ള നിയമം എന്നിവ കണക്കിലെടുത്ത് യൂണിവേഴ്സിറ്റി സീറ്റ് വർധന നിലവിലുള്ള അക്കാദമിക് വർഷം തന്നെ നടപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com