അരിയിൽ തെളിഞ്ഞു, ഹരിശ്രീ; മുന്നിൽ അക്ഷരലോകം
Mail This Article
മലപ്പുറം ∙ പുത്തനുടുപ്പുകളണിഞ്ഞ് വീട്ടുകാരോടൊപ്പം വേദിയിലെത്തിയ കുരുന്നുകൾക്ക് ആദ്യം അമ്പരപ്പ്. ഗുരു കൈപിടിച്ചപ്പോൾ ചിണുങ്ങിയവർ മധുരം നീട്ടിയപ്പോൾ അലിഞ്ഞു. പിന്നാലെ കുഞ്ഞുവിരലു കൊണ്ട് അരിയിൽ ‘ഹരിശ്രീ’ കുറിച്ച് അവർ അക്ഷരലോകത്തേക്ക് കടന്നു. മലയാള മനോരമയിൽ 2 വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാരംഭം പുനരാരംഭിച്ചപ്പോൾ മലപ്പുറം യൂണിറ്റിന്റെ അക്ഷരമുറ്റത്തേക്ക് ഇന്നലെ പുലർച്ചെ മുതൽ തന്നെ കുഞ്ഞുങ്ങളുമായി രക്ഷിതാക്കൾ ഒഴുകിയെത്തി.
ദേവീ ഭാഗവതത്തിലെ സരസ്വതി സ്തുതി ചൊല്ലി കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ വിഭാഗം മുൻ മേധാവി ഇ.െക.ഗോവിന്ദ വർമ രാജ ചടങ്ങിന് തുടക്കമിട്ടു. അദ്ദേഹത്തിനു പുറമേ മറ്റു ഗുരുക്കൻമാരായ കാലിക്കറ്റ് സർവകലാശാലാ മലയാളം വകുപ്പ് മുൻ മേധാവി ടി.ബി.വേണുഗോപാലപ്പണിക്കർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. കെ.മുരളീധരൻ, തിരുനാവായ നവാമുകുന്ദ ക്ഷേത്രം മേൽശാന്തി കുടുംബാംഗം ശ്രീഹരി ഗിരീഷ് നമ്പൂതിരി എന്നിവരും മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ ജേക്കബ് ജോണും ചേർന്ന് ഭദ്രദീപം തെളിച്ചു. പിന്നാലെ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി.
കസവുടുപ്പുകളിട്ട് പാരമ്പര്യത്തനിമയോടെയും മോഡേൺ വസ്ത്രങ്ങളണിഞ്ഞുമൊക്കെ കുഞ്ഞുങ്ങൾ എത്തിയതോടെ സദസ്സ് വർണാഭമായി. ചിലർ ഗുരുക്കന്മാരെ അക്ഷരം പ്രതി അനുസരിച്ച് ആദ്യാക്ഷരം കുറിച്ചു. കരഞ്ഞുകൊണ്ടു തുടങ്ങിയവരെ ഗുരുക്കന്മാർ അനുനയിപ്പിച്ച് അക്ഷരലോകത്തേക്ക് നയിച്ചു. മലയാള അക്ഷരങ്ങളും ഗുരുക്കന്മാർ എഴുതിച്ചു. തുടർന്ന് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയാണ് കുരുന്നുകൾ വേദിവിട്ടത്. രക്ഷിതാക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കുന്നതിന്റെ തത്സമയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളുമായി മടക്കം. ആകെ 339 കുട്ടികളാണ് മലപ്പുറം യൂണിറ്റിൽ ആദ്യാക്ഷരം കുറിച്ചത്. എല്ലാവർക്കും ബാഗും ബലൂണും ഉൾപ്പെടെ സമ്മാനങ്ങളും നൽകിയിരുന്നു.
ഇനി മലയാളം പറഞ്ഞു തുടങ്ങാം...!
മലപ്പുറം ∙ ഉറുദു മാത്രം സംസാരിക്കുന്ന രണ്ടര വയസ്സുകാരൻ ഇന്നലെ മലയാളത്തിൽ ആദ്യാക്ഷരം കുറിച്ചു. കൊല്ലം ചിന്നക്കട സ്വദേശി ആബിദ് ഷരീഫിന്റെയും ഷഹനാസ് ബീഗത്തിന്റെയും മകൻ സാഹിൽ ഷരീഫ് ആണ് ഇന്നലെ മലപ്പുറം മനോരമയിലെ വിദ്യാരംഭത്തിലൂടെ മലയാള അക്ഷരലോകത്തേക്ക് കടന്നത്.
ഉത്തരേന്ത്യയിലെ പഠാൻ വിഭാഗത്തിൽ നിന്ന് വർഷങ്ങൾക്കു മുൻപ് കൊല്ലത്തെത്തിയ കുടുംബത്തിലെ പിന്മുറക്കാരാണ് ആബിദും ഷഹനാസും. ജനിച്ചതും വളർന്നതുമൊക്കെ കൊല്ലത്താണെങ്കിലും വീട്ടിൽ ഇപ്പോഴും ഉറുദുവാണ് സംസാരിക്കാറുള്ളതെന്ന് ആബിദ് പറഞ്ഞു. ആബിദിനും ഭാര്യയ്ക്കും മലയാളം എഴുതാനും വായിക്കാനും അറിയാം. മകനെ മലയാളം പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാരംഭത്തിനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
2010ൽ വിവാഹം കഴിഞ്ഞെങ്കിലും 10 വർഷം കാത്തിരുന്ന ശേഷമാണ് സാഹിൽ ജനിച്ചത്. നേരത്തേ തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു ജോലി. അവിടെ തിരുവിതാംകൂർ രാജകുടുംബാംഗത്തെക്കൊണ്ട് ഇത്തവണ ആദ്യാക്ഷരം കുറിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിനിടയിലാണ് കഴിഞ്ഞ ശനിയാഴ്ച കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിൽ ഐടി വിഭാഗം തലവനായി ചുമതലയേറ്റത്. ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞാണ് മലപ്പുറം മനോരമയിൽ വിദ്യാരംഭത്തിന് റജിസ്റ്റർ ചെയ്തത്. ഇന്നലെ ഇ.െക.ഗോവിന്ദ വർമ രാജയാണ് സാഹിലിന് ആദ്യാക്ഷരം കുറിച്ചു നൽകിയത്.
5 ജോടി ഇരട്ടക്കുട്ടികൾ
മലപ്പുറം ∙ ഇത്തവണ 5 ജോടി ഇരട്ടകളാണ് മലപ്പുറം മനോരമയിലെ വിദ്യാരംഭച്ചടങ്ങിനെത്തിയത്. ഇവർ ഒരുമിച്ചിരുന്നാണ് ആദ്യാക്ഷരം കുറിച്ചത്.
∙ നിമ ദാസ്, ഹിമ ദാസ്
ജല അതോറിറ്റി ജീവനക്കാരൻ പൂക്കോട്ടൂർ കിഴേടത്ത് ശിവദാസന്റെയും ബിനിഷയുടെയും മക്കൾ.
∙ എൽദോസ്, എഡ്വേർഡ്
നഴ്സ് ദമ്പതികളായ നിലമ്പൂർ ചുങ്കത്തറ പള്ളത്ത് ഷിജോയുടെയും ചിഞ്ചുവിന്റെയും മക്കൾ. ഷിജോ കുവൈത്തിലെയും ചിഞ്ചു എടവണ്ണയിലെയും ആശുപത്രികളാണ് ജോലി ചെയ്യുന്നത്.
∙ ആദർശ്, ആരുഷ്
കരസേന ഉദ്യോഗസ്ഥൻ കോഡൂർ ഒറ്റത്തറ ഇട്ടേപ്പാടൻ രജീഷിന്റെയും സുവിതയുടെയും മക്കൾ.
∙ ഗൗതം, ഗോകുൽ
അങ്ങാടിപ്പുറം തരകൻ എച്ച്എഎസ്എസിലെ അധ്യാപകൻ വണ്ടൂർ കാരാട് ചിറയ്ക്കൽ വീട്ടിൽ മധുവിന്റെയും അകമ്പാടത്ത് ഹോമിയോ ഡോക്ടറായ ലിഖിതയും മക്കൾ.
∙ ആദിവ്, ആദ്രിക
സ്റ്റുഡിയോ ഫൊട്ടോഗ്രഫർ കൊളത്തൂർ കടുക്കാശ്ശേരി അഖിലിന്റെയും വിജിഷയുടെയും മക്കൾ.