ADVERTISEMENT

പൊന്നാനി ∙ ചമ്രവട്ടം റഗുലേറ്ററിന്റെ ചോർച്ചയടയ്ക്കൽ പണികൾ‌ പാതിവഴിയിൽ. ഓണം കഴിഞ്ഞാൽ ഷീറ്റ് പൈൽ സ്ഥാപിക്കൽ പുനരാരംഭിക്കുമെന്ന ഉറപ്പാണ് പാഴായത്. ഇതോടെ പുഴയിലെ ജലസംഭരണം വീണ്ടും പ്രതിസന്ധിയിലായി. നിർമാണം പാതിവഴിയിൽ നിർത്തി കരാറുകാർ സ്ഥലം വിട്ടിട്ട് മാസങ്ങളായി. 978 മീറ്റർ നീളത്തിലാണ് ഷീറ്റ് പൈലുകൾ സ്ഥാപിക്കാനുള്ളത്. ഇതിൽ പകുതി ഭാഗം പൂർത്തിയാകുന്നതേയുള്ളു. പുഴയിൽ ജലനിരപ്പ് ഉയർന്നതും ഷീറ്റുകൾ തീർന്നതും നിർമാണത്തിന് തടസ്സമായെന്നാണ് പറ‍ഞ്ഞിരുന്നത്. 11 മീറ്ററോളം താഴ്ചയിൽ ഷീറ്റുകൾ അടിച്ചിറക്കി ജലസംഭരണത്തിന് പുഴയിൽ ശക്തമായ റഗുലേറ്റർ നിർമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

പാലം നിർമാണത്തോടൊപ്പം റഗുലേറ്ററിന്റെ നിർമാണവും പൂർത്തിയായിരുന്നെങ്കിലും ജലസംഭരണം തുടങ്ങിയപ്പോഴേക്കും ഷീറ്റ് പൈലുകൾ തകർന്ന് ചോർച്ച സംഭവിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് 30 കോടിയിലധികം ചെലവഴിച്ച് പുനർനിർമാണ പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്. 4 മീറ്റർ ഉയരത്തിൽ പുഴയിൽ ജലസംഭരണം സാധ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാനത്തു തന്നെ ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്ത് നടത്തിയ ഏറ്റവും വലിയ പദ്ധതി ഒരു മാസം പോലും ജലസംഭരണം നടത്താൻ സാധിക്കാതെ ചോർന്നുപോവുകയായിരുന്നു.

നിർമാണത്തിലെ അഴിമതിയും അപാകതയുമാണ് ചോർച്ചയ്ക്കു കാരണമെന്ന ആരോപണമാണ് ഉയർന്നിരുന്നത്. ഇതിനു ശേഷം നടന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഷീറ്റ് പൈൽ നിർമാണത്തിന് പുതിയ പുനർനിർമാണ പദ്ധതി തയാറാക്കുകയായിരുന്നു. കൂടുതൽ ആഴത്തിൽ ഷീറ്റുകൾ അടിച്ചിറക്കി പുഴവെള്ളത്തെ കെട്ടിനിർത്താനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുനർനിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ ഭാരതപ്പുഴ–ബിയ്യം കായൽ സംയോജനം ഉൾപ്പെടെയുള്ള അനുബന്ധ പദ്ധതികൾ നടപ്പാക്കാനായി തയാറെടുപ്പുകൾ നടന്നുവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com