ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മിൽ സംഘർഷം; തിരൂർ സ്തംഭിച്ചു
Mail This Article
തിരൂർ ∙ നഗരത്തെ സ്തംഭിപ്പിച്ച് ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും തമ്മിൽ സംഘർഷം. ഇന്നലെ വൈകിട്ടാണ് ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായത്. ഓട്ടോ തൊഴിലാളിയെ വ്യാപാരികൾ മർദിച്ച് പരുക്കേൽപിച്ചെന്ന പരാതിയുമായാണ് തൊഴിലാളികൾ രംഗത്തെത്തിയത്. വ്യാപാര സ്ഥാപനം ഓട്ടോറിക്ഷ തൊഴിലാളികൾ അടിച്ചു തകർക്കുകയും വ്യാപാരിയെയും മകനെയും മർദിച്ച് പരുക്കേൽപിച്ചെന്നുമുള്ള പരാതിയുമായാണ് വ്യാപാരികൾ രംഗത്തു വന്നത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവങ്ങളുടെ തുടക്കം. ബസ് സ്റ്റാൻഡിനു പിറകിലെ മാർക്കറ്റ് റോഡിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിനു മുൻപിൽ സ്കൂട്ടർ നിർത്തിയിട്ടിരുന്നു. ഓട്ടോ സ്റ്റാൻഡിൽ വാഹനം പാർക്ക് ചെയ്യാൻ വന്ന എ.പി.ഷിഹാബ് (33) എന്ന ഡ്രൈവർ സ്കൂട്ടർ മാറ്റിയിടാൻ ഹോണടിച്ചു. ഈ സമയം വ്യാപാര സ്ഥാപനത്തിൽ നിന്ന് 3 പേർ വന്ന് ഇയാളെ മർദിച്ചെന്നാണു പരാതി. പരുക്കേറ്റ ഷിഹാബിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ഓട്ടം നിർത്തി ബസ് സ്റ്റാൻഡിനു സമീപത്ത് മുദ്രാവാക്യം വിളികളുമായി സംഘടിച്ചു.
ഇതിനിടെ ചില തൊഴിലാളികൾ വ്യാപാര സ്ഥാപനത്തിലേക്ക് ഇരച്ചു കയറി കട അടിച്ചു തകർത്തു. സംഭവത്തിൽ കടയുടമ കടവത്ത് അസൈനാർ (60), മകൻ ഫവാസ് (30) എന്നിവർക്കു പരുക്കേറ്റു. ഇവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ വ്യാപാരികളും സമരവുമായി രംഗത്തെത്തി. ഇരു കൂട്ടരും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബസ് സ്റ്റാൻഡിനു സമീപം രണ്ടിടങ്ങളിലായി ഇരുകൂട്ടരും മുദ്രാവാക്യം വിളിച്ചു നിന്നു. പൊലീസ് ഇടപെട്ടാണ് ഇരുകൂട്ടരെയും പിരിച്ചു വിട്ടത്. ഓട്ടോ തൊഴിലാളിയെ മർദിച്ച വ്യാപാരികളെ ഇന്ന് അറസ്റ്റ് ചെയ്തില്ലെങ്കിൽ നാളെ മുതൽ തിരൂരിലെ ഓട്ടോറിക്ഷകളും ബസുകളും പണിമുടക്കുമെന്നും വ്യാപാരിയെ മർദിച്ചത് ഓട്ടോ തൊഴിലാളികളല്ലെന്നും നേതാക്കളായ സി.കെ.റസാഖ്, മൂസ പരന്നേക്കാട്, റാഫി തിരൂർ, ആർ.രഞ്ജിത്ത് എന്നിവർ പറഞ്ഞു.
അതേസമയം കടയിൽ കയറി അക്രമം നടത്തിയ ഓട്ടോ തൊഴിലാളികളെ അറസ്റ്റ് ചെയ്യണമെന്നാണ് വ്യാപാരി നേതാക്കളായ പി.എ.ബാവ, പി.റഷീദ്, സമദ് പ്ലസന്റ്, എം.പി.മൊയ്തു ഷാ എന്നിവരുടെ ആവശ്യം.