ADVERTISEMENT

പൊന്നാനി ∙ ശുദ്ധജല വിതരണ സംവിധാനങ്ങൾ പൂർണമായി മാറ്റുന്നതിന്റെ ഭാഗമായി നരിപ്പറമ്പ്–പൊന്നാനി റോഡിൽ പുതിയ പൈപ്പ് സ്ഥാപിക്കുന്ന പണികൾ നാളെ തുടങ്ങും. ചമ്രവട്ടം കടവിൽ നിന്നാണ് പണികൾ തുടങ്ങുന്നത്. കുണ്ടുകടവ് ജംക്‌ഷൻ വരെ ആദ്യഘട്ടത്തിന്റെ ഭാഗമായി പൈപ്പ് സ്ഥാപിക്കും. റോഡിൽ 2 മീറ്റർ വരെ വീതിയിൽ കുഴിയെടുക്കേണ്ടി വരും. വലിയ വാഹനങ്ങൾക്ക് കടന്നു പോവുക പ്രയാസമായതിനാൽ പണി തുടങ്ങുന്നതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

നരിപ്പറമ്പ് പമ്പ് ഹൗസിൽ നിന്ന് കുണ്ടുകടവ് വരെയുള്ള പൈപ്പ് സ്ഥാപിക്കൽ 3 മാസത്തിനകം തീർക്കാനാണ് ലക്ഷ്യമിടുന്നത്. മഴയ്ക്ക് മുൻപ് റോഡ് ഗതാഗത യോഗ്യമാക്കുമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ‌ അറിയിക്കുന്നത്. ജൂണിന് മുൻപായി ടാറിങ് ഒഴികെയുള്ള പണികൾ തീർക്കും. റോഡിൽ കുഴിയെടുക്കുന്നതിന്റെ ഭാഗമായി ടെലിഫോൺ, ഇന്റർനെറ്റ് കേബിളുകൾ കടന്നുപോകുന്നതിനാൽ നിർമാണ  വേളയിൽ ബന്ധപ്പെട്ട കമ്പനി അധികൃതരുടെ സാന്നിധ്യവും ഉറപ്പാക്കുന്നുണ്ട്. 

കമ്പനികളുമായിചർച്ച നടത്തി

ഇതിന്റെ ഭാഗമായി കമ്പനികളുമായി ജല അതോറിറ്റി ചർച്ച നടത്തിയിട്ടുണ്ട്. റോഡിലേക്ക് 2 മീറ്റർ വരെ കുഴിയെടുക്കേണ്ടി വരുന്നതിനാൽ ഗതാഗതത്തെ ബാധിക്കാനിടയുണ്ട്. 700 എംഎം വ്യാസത്തിലുള്ള പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ട നിർമാണത്തിനായി 22 കോടി രൂപയാണ് ചെലവഴിക്കുന്നത്. 

റോഡ് പൊളിക്കുന്നതിന് ബാങ്ക് ഗാരന്റിയായി 70 ലക്ഷം രൂപ ദേശീയപാത അതോറിറ്റിയിൽ ജല അതോറിറ്റി കെട്ടിവച്ചിട്ടുണ്ട്. പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിക്കുന്ന റോഡ് റബറൈസ് ചെയ്ത് പൂർവ സ്ഥിതിയിലാക്കണമെന്നാണ് കരാർ. രണ്ടാം ഘട്ടത്തിൽ കുണ്ടുകടവിൽ നിന്നും പെരുമ്പടപ്പ് താവളക്കുളം വരെയാണ് പൈപ്പ് സ്ഥാപിക്കുക. 17 കിലോമീറ്റർ നീളം വരുന്ന പദ്ധതിയാണിത്. 38 കോടി രൂപ രണ്ടാം ഘട്ട പദ്ധതിക്കായി ചെലവഴിക്കും. 

ഗതാഗതം നിയന്ത്രിക്കും

ശുദ്ധജല പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി നരിപ്പറമ്പ്–ചമ്രവട്ടം റോഡിൽ ഗതാഗതം നിയന്ത്രിക്കും. നരിപ്പറമ്പിൽ നിന്ന് ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പുതിയ ഹൈവേയിലൂടെ കടത്തിവിടും. ചമ്രവട്ടം ജംക്‌ഷനിലും ഇതേ നിയന്ത്രണമുണ്ടാകും. നരിപ്പറമ്പിലും ചമ്രവട്ടം ജംക്‌ഷനിലും ഗതാഗതം നിയന്ത്രിക്കുന്നതിനായി ജല അതോറിറ്റി പൊലീസിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com