ADVERTISEMENT

പെരിന്തൽമണ്ണ ∙ പ്ലസ്‌വൺ പരീക്ഷയിൽ തനിക്ക് ലഭിക്കേണ്ട മാർക്ക് വെട്ടിക്കുറച്ചെന്ന പരാതിയുമായി അന്ധ വിദ്യാർഥിനി മന്ത്രി വി.ശിവൻകുട്ടിക്ക് മുന്നിലെത്തി. മേലാറ്റൂർ എടപ്പറ്റ തൊടുകുഴി കുന്നുമ്മൽ അബ്‌ദുൽ ബാരിയുടെയും ഷംലയുടെയും മകൾ ഫാത്തിമ അൻഷി(17) ആണ് പിതാവിനൊപ്പം ഇന്നലെ മന്ത്രിയെ കണ്ടത്.

മേലാറ്റൂർ ആർഎംഎച്ച്എസ്എസിലെ വിദ്യാർഥിനിയായ അൻഷി, സഹായി ഇല്ലാതെ കംപ്യൂട്ടറിൽ പരീക്ഷ എഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് എസ്എസ്എൽസി വിജയിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതിയ അന്ധ വിദ്യാർഥിനികൂടിയാണ് ഫാത്തിമ അൻഷി. പരീക്ഷയിൽ ഇഷ്ട വിഷയങ്ങളായ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നിവയ്ക്ക് മാർക്ക് കുറഞ്ഞു.

ഈ വിഷയങ്ങൾക്കൊഴികെ 100 ശതമാനം മാർക്കുണ്ട്. ഈ രണ്ട് വിഷയങ്ങളിലും പുനർ മൂല്യനിർണയം നടത്തിയപ്പോൾ സോഷ്യോളജിയിൽ 80 ൽ 79 മാർക്കും പൊളിറ്റിക്കൽ സയൻസിൽ 78 മാർക്കും ലഭിച്ചു.സ്‌കൂൾ അധികൃതർ ഉത്തരക്കടലാസുകളുടെ പകർപ്പ് എടുത്ത് പരിശോധിച്ചപ്പോൾ എല്ലാ ചോദ്യങ്ങൾക്കും നൽകിയ ഉത്തരം കൃത്യമാണെന്ന് കണ്ടെത്തി. വിവരം ചൂണ്ടിക്കാട്ടി സ്‌കൂൾ പ്രിൻസിപ്പൽ ഹയർ സെക്കൻഡറി എക്‌സാമിനേഷൻ ജോയിന്റ് ഡയറക്‌ടർക്ക് കത്തെഴുതി. എന്നാൽ ഈ കത്തിന് 4 മാസമായിട്ടും അധികൃതർ മറുപടി നൽകിയില്ലെന്ന് ഫാത്തിമ അൻഷി മന്ത്രിയോട് പറഞ്ഞു. 

വരാനിരിക്കുന്ന പ്ലസ്‌ടു പരീക്ഷയിലും തനിക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്ന് അൻഷി പറഞ്ഞു. സംഭവം പരിശോധിക്കുമെന്ന് ഉറപ്പു നൽകിയ മന്ത്രിക്ക് മുന്നിൽ പാട്ടുപാടിയാണ് അവൾ മടങ്ങിയത്.പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയുടെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് വിദ്യാർഥിനി കൂടിയാണ് ഫാത്തിമ അൻഷി. 

കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 2022 ലെ ശ്രേഷ്‌ഠ ദിവ്യാംഗ് ബാലികാ പുരസ്‌കാര ജേതാവും സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉജ്വല ബാല്യ പുരസ്‌കാര ജേതാവുമാണ് ഗായിക കൂടിയായ ഫാത്തിമ അൻഷി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com