തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കന്റീൻ താൽക്കാലികമായി തുറന്നു
Mail This Article
തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിലെ കന്റീൻ തുറന്നു. കുടുംബശ്രീ പ്രവർത്തകരാണ് താൽക്കാലികമായി കന്റീൻ ഏറ്റെടുത്ത് തുറന്നത്. കന്റീൻ 2 ദിവസം മുൻപാണ് കരാറെടുത്തവർ നിർത്തിപ്പോയത്. 92,000 രൂപയായിരുന്നു വാടക. ഭീമമായ വാടകയ്ക്കനുസരിച്ച് കച്ചവടമില്ലാത്തതും കരാറിൽ പറഞ്ഞത് പോലെ കന്റീനിലേക്ക് ആശുപത്രിയിൽനിന്ന് വെള്ളം ലഭിക്കാത്തതും സംബന്ധിച്ച് കന്റീൻ നടത്തിപ്പുകാർ ആശുപത്രി അധികൃതർക്ക് കത്തു നൽകിയിരുന്നു. തുടർന്നാണ് കന്റീൻ നിർത്തിയത്.
കന്റീനില്ലാത്തതിനാൽ രോഗികളും കൂടെയുള്ളവരും ഭക്ഷണവും വെള്ളവും ലഭിക്കാതെ പ്രയാസപ്പെട്ടിരുന്നു. ഇക്കാര്യം മനോരമ വാർത്ത നൽകിയിരുന്നു. തുടർന്നാണ് പ്രശ്നം പരിഹരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരോട് കന്റീൻ താൽക്കാലികമായി ഏറ്റെടുക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ബ്ലോക്ക് പഞ്ചായത്ത് കന്റീൻ നടത്തുന്ന സികെ നഗർ കുടുംബശ്രീ പ്രവർത്തകരാണ് കന്റീൻ നടത്തിപ്പ് ഏറ്റെടുത്തത്. നേരത്തേ 32,000 രൂപ വാടകയുണ്ടായിരുന്നത് ഓപ്പൺ ടെൻഡറിൽ മത്സരാടിസ്ഥാനത്തിൽ വിളിച്ചതോടെ 92,000 രൂപയിൽ എത്തുകയായിരുന്നു.