അനുജനെന്നു വിളിച്ചു, എപ്പോഴും പിന്തുണ നൽകി കൂടെ നിന്നു: എ.പി.അനിൽ കുമാർ എംഎൽഎ
Mail This Article
എന്റെ അനുജൻ, നിങ്ങളുടെ എംഎൽഎ, കേരളത്തിന്റെ ചെറുപ്പക്കാരനും ഊർജസ്വലനുമായ മന്ത്രി’. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി വണ്ടൂരിൽ പരിപാടികൾക്കെത്തുമ്പോൾ എന്നെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. എനിക്ക് എല്ലാ അർഥത്തിലും അദ്ദേഹം സഹോദരനായിരുന്നു. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും പ്രതിസന്ധികളുണ്ടായപ്പോൾ കരുതലോടെ ചേർത്തുപിടിച്ച ജ്യേഷ്ഠസഹോദരൻ. കോൺഗ്രസിലെ സമവാക്യങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ എതിർചേരിയിലായിരുന്നെങ്കിലും അകൽച്ചയോ എതിർപ്പോ ഒരിക്കലും കാണിച്ചില്ല. പ്രോത്സാഹനവും അഭിനന്ദനങ്ങളും വാരിക്കോരി തരികയും ചെയ്തു.
ആദ്യ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പാർട്ടിയിലെ ചില പ്രശ്നങ്ങളുടെ പേരിൽ ഞാൻ രാജിക്കൊരുങ്ങി. സഹപ്രവർത്തകർ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ കൂട്ടാക്കിയില്ല. രാജിക്കത്തുമായി മുഖ്യമന്ത്രിയെ കാണാൻ ചെന്നപ്പോൾ അതു വാങ്ങാൻ പോലും അദ്ദേഹം കൂട്ടാക്കിയില്ല.
ചരിത്രത്തിൽ സമാനതകളില്ലാത്ത ജനസമ്പർക്ക പരിപാടിക്ക് അദ്ദേഹം നായകത്വം വഹിക്കുമ്പോൾ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പൂർണസമയം ഞാൻ കൂടെയുണ്ടായിരുന്നു. ഒരു നേതാവ് ജനങ്ങൾക്കിടയിൽ അലിഞ്ഞുചേരുന്നതെങ്ങനെയെന്ന് അന്ന് കൺമുന്നിൽ കണ്ടു. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള അവസാന യാത്രയിലും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചു. ജനത്തിന് അദ്ദേഹം നൽകിയ സ്നേഹം ഇരട്ടിയായി അവർ തിരിച്ചുനൽകുന്ന കാഴ്ച കൺനിറഞ്ഞു കണ്ടു.
മന്ത്രിയെന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ മറക്കാനാവില്ല. പാലക്കാട് യാക്കരയിൽ ആദ്യത്തെ പട്ടികജാതി മെഡിക്കൽ കോളജെന്ന നിർദേശം മുന്നോട്ടുവച്ചപ്പോൾ മന്ത്രിസഭയ്ക്കകത്തു തന്നെ എതിർപ്പുകളുണ്ടായി. അദ്ദേഹം നൽകിയ പൂർണ പിന്തുണയുടെ ഫലമാണ് ഇന്ന് തലയുയർത്തി നിൽക്കുന്ന മെഡിക്കൽ കോളജ് ഉണ്ടായത്. സംസ്ഥാനത്തെ ആദ്യത്തെ ഹോമിയോ കാൻസർ ആശുപത്രി, ആയിരക്കണക്കിനു കുടുംബങ്ങൾക്ക് ശുദ്ധജലമെത്തിച്ച ജലവിതരണ പദ്ധതി, തിരുവാലിയിൽ അഗ്നിരക്ഷാ ഓഫിസ്, ഓടായിക്കൽ റഗുലേറ്റർ കം ബ്രിജ്, കാളികാവ് ചെത്തുകടവ് പാലം തുടങ്ങി അദ്ദേഹത്തിന്റെ കയ്യൊപ്പുള്ള ഒട്ടേറെ പദ്ധതികൾ വണ്ടൂരിലുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പാവങ്ങൾക്ക് സഹായം ചോദിച്ചു ചെന്നാൽ എംഎൽഎ പറയുന്ന സംഖ്യ അദ്ദേഹം എഴുതിത്തരുമായിരുന്നു. ഫയലുകളിലുള്ളത് സാധാരണ മനുഷ്യരുടെ ജീവിതമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തുക മാത്രമല്ല, സ്വന്തം പ്രവർത്തനങ്ങൾ കൊണ്ട് കാണിച്ചുതരികയും ചെയ്തു.
English Summary : Kerala pays tribute to former Chief Minister Oommen Chandy