നിലമ്പൂർ നഗരസഭാധ്യക്ഷന്റെ കാറിൽ കൊടി; നോട്ടിസ് അയയ്ക്കാൻ കോടതി
Mail This Article
നിലമ്പൂർ ∙ നഗരസഭാധ്യക്ഷൻ ഔദ്യോഗിക വാഹനത്തിൽ കൊടി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നഗരസഭാ സെക്രട്ടറി, ആർടിഒ, ജോയിന്റ് ആർടിഒ എന്നിവർക്ക് നോട്ടിസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നിലമ്പൂർ മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി.ടി.ചെറിയാൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. മോട്ടർ വാഹന ചട്ടപ്രകാരം തദ്ദേശ സ്ഥാപനങ്ങുളുടെ അധ്യക്ഷന്മാർക്ക് വാഹനത്തിൽ പതാക ഉപയോഗിക്കാൻ പാടില്ല.
ചട്ടം ലംഘിച്ച് നിലമ്പൂർ നഗരസഭാധ്യക്ഷന്റെ കാറിൽ പതാക കെട്ടിയതിനെതിരെ ടി.എം.എസ്.ആഷിഫ് പരാതി നൽകി. വാഹനത്തിന്റെ കസ്റ്റോഡിയൻ നഗരസഭാ സെക്രട്ടറിയാണ്. പതാക നീക്കം ചെയ്യാൻ ജോയിന്റ് ആർടിഒ സെക്രട്ടറിക്ക് നിർദേശം നൽകി. ഫലം ഉണ്ടാകാതെ വന്നപ്പോൾ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ജോയിന്റ് ആർടി ഓഫിസിലേക്ക് മാർച്ച് നടത്തി.
പതാക അഴിച്ചുമാറ്റി വാഹനം പരിശോധനയ്ക്ക് ഹാജരാക്കാൻ ഒക്ടോബർ 10ന് സെക്രട്ടറിക്ക് ജോ ആർടിഒ കത്ത് അയച്ചു. അതും പാലിച്ചില്ല. മോട്ടർ വാഹന വകുപ്പ് തുടർനടപടിയെടുത്തതുമില്ല. തുടർന്നാണ് ആർടിഒ, ജോയിന്റ് ആർടിഒ, നഗരസഭാ സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കി ചെറിയാൻ ഹൈക്കാേടതിയെ സമീപിച്ചത്. ഹർജി 9ന് കോടതി വീണ്ടും പരിഗണിക്കും. അന്ന് എതിർ കക്ഷികൾ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടു.